UPDATES

കേരളം

പീസ് സ്കൂള്‍ ഒറ്റപ്പെട്ട ഒന്നല്ല

സംഘപരിവാര്‍ നടപ്പില്‍ വരുത്തുന്ന വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണവും അതിന് അനുപൂരകങ്ങളായ ആര്‍എസ്എസ് സ്‌കൂളുകളുടെ അപകടവും പറഞ്ഞ് മൂടി വെക്കാവുന്നതല്ല ഈ ഭീഷണി

എംഎം അക്ബറും സാകിര്‍ നായിക്കുമൊക്കെ ഒരുപാട് വര്‍ഷമായി പൊതുരംഗത്തുള്ളവരാണ്. പീസ് (!) സ്‌കൂള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ഒരുപാട് പണ്ഡിതര്‍, പ്രസിദ്ധീകരണങ്ങള്‍, സ്ഥാപനങ്ങള്‍, മദ്രസകള്‍ പിന്നെ അത് വഴി കിട്ടിയ ലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ വന്‍ അനുയായി വൃന്ദവും. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത് പ്രസ്ഥാനമാണ് ഇന്ന് കേരളത്തില്‍ ശക്തമായി മാറിയ ഈ വഹാബിസ്റ്റ് ചിന്താധാര.

ഇതര മതസ്ഥര്‍ ഒന്നടങ്കം നരകത്തിലാണെന്ന് സമര്‍ത്ഥിക്കുന്ന ഇക്കൂട്ടര്‍ താലിബാന്‍, സൗദി ഭരണകൂടങ്ങളുടെ ഹിംസാത്മക നയങ്ങളെ ഒരുളുപ്പുമില്ലാതെ ന്യായീകരിക്കാറുമുണ്ട്. സൗദിവല്‍ക്കരണത്തിന്റെ ബാക്കിപത്രമാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഇസ്ലാമിനെ മുച്ചൂടും നശിപ്പിച്ചു കൊണ്ടിരിക്കുന്ന വഹാബിസമെന്ന സാമൂഹിക ദുരന്തം. ഈ തീവ്രധാര പ്രചരിപ്പിക്കുന്നതില്‍ മറ്റാരെക്കാളും നിര്‍ണായകമായ പങ്കു വഹിച്ചവരാണ് സാകിര്‍ നായിക്കും അതേ ആശയം പിന്‍പറ്റുന്ന എംഎം അക്ബറും. ഒരു കാലത്ത് നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുജാഹിദ് പ്രസ്ഥാനം ഇവരുടെ വിഷബാധയേറ്റ് പൂര്‍ണമായും നശിച്ചു. ഇന്ന് ആ പാര്‍ട്ടിയുടേതായി ബാക്കിയുള്ളത് മണ്ണിര പോലെ മുറിഞ്ഞ ഒരു പാട് കഷ്ണങ്ങളാണ്. അതിലേറെയും ചീഞ്ഞളിഞ്ഞ തീവ്ര/ജീര്‍ണ ആശയങ്ങള്‍ പേറുന്ന സംഘങ്ങളും!

ഇതര സംഘടനകളില്‍ പോലും ഈ വഹാബിസ്റ്റ് ധാരയുടെ സ്വാധീനം മോശമല്ലാത്ത രീതിയില്‍ വളര്‍ന്നു വരുന്നുണ്ട്. ഭൂരിപക്ഷം വരുന്ന സുന്നി വിഭാഗങ്ങളുടെ നേതാക്കള്‍ ഇതേ പിന്തിരപ്പന്‍, സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ ഏറ്റു പിടിക്കുന്നത് കാണാം. ജമാഅത്ത് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ ചെറുത്ത് തോല്‍പിക്കുന്നത് അതിനകത്തെ വഹാബിസ്റ്റ് ആശയക്കാരാണ്. പത്രമോ ചാനലോ ഒരു പെണ്ണിനെ കാണിച്ചാല്‍ പോലും സംഘടനയ്ക്കകത്തും പുറത്തുമുള്ള വഹാബിസ്റ്റുകള്‍ സംഘടിതമായി ആക്രമിക്കുന്നത് പതിവ് കാഴ്ചയാണ്.

വഹാബിസ്റ്റ് ധാരയെ എതിര്‍ക്കാന്‍ മുസ്ലിം സംഘടനകളില്‍ നിന്ന് അധികമാരും ധൈര്യപ്പെടാറില്ല എന്നതാണ് സത്യം. നിരോധന ഭീഷണിയും മറ്റു പ്രതികാര നടപടികളും ഭയക്കുന്നതു കൊണ്ട് സൗദിയെ വിമര്‍ശിക്കാന്‍ പത്രങ്ങളോ പ്രസിദ്ധീകരണങ്ങളോ മുതിരുകയുമില്ല.( ജമാഅത്ത് പ്രസിദ്ധീകരണ വിഭാഗമായ ഐപിഎച്ചിന്റെ ചീഫ് എഡിറ്റര്‍ എഴുതിയ വഹാബിസത്തെ വിമര്‍ശിക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഐപിഎച്ച് ധൈര്യപ്പെടാത്തതിനാല്‍ മറ്റു പ്രസാധകരെ ആശ്രയിക്കുകയായിരുന്നു!)

പീസ് സ്‌കൂള്‍ ഒറ്റപ്പെട്ട ഒന്നല്ല. ഇതേ സ്വാധീനത്തിലെ കൂടുതല്‍ അപകടകരമായ മറ്റൊരു പ്രതിഭാസമാണ് ‘അല്‍ ഫിത്‌റ’ എന്ന പേരില്‍ അടുത്ത കാലത്തായി കൂണു പോലെ മുളച്ചു പൊങ്ങുന്ന സ്‌കൂളുകള്‍. വെറും മൂന്ന് വയസ് മാത്രം പ്രായമുള്ള കുട്ടികളെ ഖുര്‍ആന്‍ പഠനത്തിന്നെ പേരില്‍ ഇത് പോലുള്ള സ്‌കൂളിലേക്ക് തള്ളി വിടുകയാണ് രക്ഷിതാക്കള്‍. പൊതു സിലബസിന്റെ കൂടെ വളരെ ചെറിയ പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മുഴുവനായി മനപ്പാഠമാക്കാനുള്ള യത്‌നം കൂടിയാവുമ്പോള്‍ പഠനം കുട്ടികള്‍ക്ക് താങ്ങാവുന്നതിലപ്പുറമാവുന്നു. കൊച്ചു കുട്ടികളുടേതായ സ്വാഭാവിക കളികളും തുടിപ്പുകളും വലിയ തോതില്‍ നിഷേധിക്കപ്പെട്ട് വളരുന്ന കുട്ടികള്‍ പകരമായി ഇളംപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കുന്നുവെന്നതാണ് രക്ഷിതാക്കളെ ആകര്‍ഷിക്കുന്നത്!

അങ്ങേയറ്റം അശാസ്ത്രീയവും അതിലേറെ ക്രൂരവുമായ ഈ വിദ്യാഭ്യാസ രീതിയുടെ ബലിയാടുകളാണ് ഇന്ന് മലബാര്‍ ഭാഗത്തുള്ള ആയിരക്കണക്കിന് കുട്ടികള്‍. കുട്ടികളുടെ സ്വാഭാവിക കളിതമാശകള്‍ക്ക് അവസരം കിട്ടാതെ ഖുര്‍ആന്‍ ‘മനപ്പാഠമാക്കല്‍’ ആണ് ജീവിത ലക്ഷ്യമെന്ന് തെറ്റിദ്ധരിക്കുന്ന ഇവര്‍ക്ക് ഇതര ലിംഗക്കാരുമായോ മറ്റു മതസ്ഥരുമായോ ഇടപഴകാനോ അടുത്തറിയാനോ ഉള്ള അവസരവും കിട്ടുന്നില്ല. അല്‍ ഫിത്‌റയില്‍ നിന്നുള്ള കുട്ടികളില്‍ വ്യാപകമായി കാണുന്ന മാനസിക, ബൗദ്ധിക പ്രശ്‌നങ്ങളെക്കുറിച്ച് അനുഭവസ്ഥരായ പലരും പങ്കു വെച്ചതോര്‍ക്കുന്നു. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് പുറത്തു വരുന്ന കുട്ടികളുടെ ലോക വീക്ഷണമാണ് അതിലേറെ അപകടകരം. തങ്ങള്‍ പഠിച്ച ഏകശിലാ രൂപത്തിലുള്ള ഇസ്ലാമിക വ്യാഖ്യാനത്തിന് പുറത്തുള്ള എല്ലാവരും ഇവരെ സംബന്ധിച്ചിടത്തോളം വെറും നരകാവകാശികള്‍ മാത്രമാണ് എന്നവര്‍ വിശ്വസിക്കുന്നു. അങ്ങനെയുളള വിശ്വാസം വെച്ച് പുലര്‍ത്തുന്ന കുട്ടിയുടെ സാമൂഹിക ബോധവും പൊതു ഇടപെടലുകളും ഭാവിയില്‍ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

സംഘപരിവാര്‍ നടപ്പില്‍ വരുത്തുന്ന വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണവും അതിന് അനുപൂരകങ്ങളായ ആര്‍എസ്എസ് സ്‌കൂളുകളുടെ അപകടവും പറഞ്ഞ് മൂടി വെക്കാവുന്നതല്ല ഈ ഭീഷണി. രാഷ്ട്രീയ, സാമൂഹിക കാരണങ്ങളാല്‍ മുസ്ലിം സമുദായത്തെ പിടികൂടിയിരുന്ന അരക്ഷിതാവസ്ഥയെ സമര്‍ത്ഥമായി ചൂഷണം ചെയ്ത് വളര്‍ന്നതാണ് ഈ പ്രതിഭാസം. പൊതുവിദ്യാഭാസവും പൊതു ഇടങ്ങളുമെല്ലാം നഷ്ടപ്പെട്ട് ഇല്ലാതാവുമ്പോള്‍ വളരുന്നത് ഏറെ അപകടകരമായ ഈ തീവ്ര ആശയങ്ങളാണ്. ബഹുസ്വരതയും ലിംഗനീതിയും ഉള്‍ക്കൊള്ളാനും വ്യത്യസ്ത സ്വത്വങ്ങള്‍ക്കിടപഴകാനുമുള്ള അവസരം നിഷേധിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം പടച്ചു വിടുന്നത് മനോരോഗികളെയും തീവ്ര ആശയക്കാരെയുമായിരിക്കും എന്നുറപ്പാണ്. സര്‍ക്കാറും മതസംഘടനകളും ഒരേ പോലെ ഉണര്‍ന്നില്ലെങ്കില്‍ വരാന്‍ പോവുന്നത് വന്‍ ദുരന്തമായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍

സാമൂഹിക നിരീക്ഷകന്‍, സോഫ്റ്റ്‌വേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍