അഴിമുഖം പ്രതിനിധി
വിവാദപരമായ പ്രസംഗങ്ങള്‍ കൊണ്ട് പ്രശസ്തനായ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി വീക്ഷിക്കണമെന്ന് ബംഗ്ലാദേശ്. ധാക്കയില്‍ ആക്രമണം നടത്തിയവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് പ്രചോദനമായത് സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളാണെന്ന് ബംഗ്ലാദേശ് പറഞ്ഞിരുന്നു.
ഖുറാന്റെ യഥാര്‍ഥ രീതിയിലല്ല സക്കീര്‍ നായിക്ക് പഠിപ്പിക്കുന്നതെന്ന് നിരവധി പരാതികള്‍ ബംഗ്ലാദേശിലെ മൗലാനമാര്‍ നല്‍കിയിട്ടിണ്ടെന്ന് ബംഗ്ലാദേശിലെ വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി ഹസാനുള്‍ ഹഖ് ഇന് പറഞ്ഞു. സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ എത്ര മാത്രം പ്രചോദനം നല്‍കുന്നുണെന്നത് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ അടിയന്തരമായി സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ പരിശോധിക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാരും വാര്‍ത്താ വിനിമയ വകുപ്പും ഇത് നീരീക്ഷിക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ടെന്നും ഹസാനുള്‍ ഹഖ് പറഞ്ഞു.
ധാക്കയില്‍ ആക്രമണം നടത്തിയെന്നു സംശയിക്കപ്പെടുന്ന ഭരണ കക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരില്‍ ഒരാളുടെ മകന്‍ ഫെയ്‌സ്ബുക്കില്‍ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ പ്രചരിപ്പിച്ചരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. മുസ്ലിമുകളെ തീവ്രവാദത്തിനായി പ്രചോദിപ്പിക്കുന്നുവെന്ന് ഇതിനകം നിരവധി റിപ്പോര്‍ട്ടുകള്‍ വന്ന രാജ്യന്തര ഇസ്ലാമിക് ചാനലായ പീസ് ടിവിയിലെ പ്രഭാഷകനാണ് ഡോ നായിക്.
യുകെയിലും കാനഡയിലും നിരോധിച്ച സംഘടനയായ മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപനുമാണ് സക്കീര്‍ നായിക്. മലേഷ്യയില്‍ നിരോധിച്ചിട്ടുള്ള ഇസ്ലാമിക പണ്ഡിതന്മാരില്‍ ഒരാളുമാണ് നായിക്. പീസ് ടിവിയിലെ പ്രഭാഷണങ്ങളിലൂടെ ബംഗ്ലാദേശില്‍ വളരെ പ്രശസ്തനാണ് ഇയാള്‍. മറ്റു മതങ്ങളോടൊപ്പം ഇസ്ലാമിലെ തന്നെ ചില വകഭേദങ്ങളെയും നിന്ദിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങളാണ് നായിക് നടത്തുന്നത്.
ധാക്കയിലെ നയതന്ത്ര പ്രാധാന്യം ഏറെയുള്ള മേഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പടെ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ തദ്ദേശീയ നിരോധിത സംഘടയാണ് ആക്രമണത്തിന്റെ പിറകിലെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ പറയുന്നത്.