UPDATES

ഷിബു കെ നായര്‍

കാഴ്ചപ്പാട്

സീറോ വേസ്റ്റ്

ഷിബു കെ നായര്‍

സയന്‍സ്/ടെക്നോളജി

കത്തിച്ചതുകൊണ്ട് ഒരു മാലിന്യവും ഇല്ലാതാവില്ല; ഇന്‍സിനറേറ്ററുകള്‍ എന്ന ഭസ്മാസുരന്‍മാര്‍

ഉല്‍പന്നങ്ങളുടെ അവശിഷ്ടങ്ങളും ഉല്‍പാദകരുടെ ഉത്തരവാദിത്തമാണ്

പലവട്ടം പറയുകയും എഴുതുകയും ചെയ്ത വിഷയമാണ്. ഈയടുത്ത കാലത്തായി ചെറുകിട വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ മുതല്‍ എഞ്ചിനീയര്‍മാര്‍ വരെ നടത്തുന്ന ഒരു പ്രധാന കണ്ടുപിടിത്തം ‘ഇന്‍സിനറേറ്ററുകള്‍’ ആണ്. വര്‍ദ്ധിച്ചു വരുന്ന മാലിന്യ പ്രതിസന്ധി തന്നെയാണ് ഇത്തരം കണ്ടുപിടിത്തങ്ങള്‍ക്കു പിന്നില്‍.

ഈ കണ്ടുപിടിത്തങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വേണ്ടാത്ത സാധനങ്ങളൊക്കെ അഗ്നിക്കു സമര്‍പ്പിക്കലാണ് എവിടെയും. ചെടിച്ചട്ടികള്‍, ടാര്‍ വീപ്പകള്‍, തകരപ്പാട്ടകള്‍ എന്നുവേണ്ട കൈയ്യില്‍ കിട്ടുന്നതെന്തും ഉപയോഗിച്ച് മാലിന്യങ്ങള്‍ കത്തിക്കാനുള്ള ‘നൂതന-ശാസ്ത്രീയ’ സംവിധാനങ്ങള്‍ കണ്ടെത്തപ്പെട്ടു കൊണ്ടേയിരിക്കുന്നു.

ഇന്ന് നിലവിലുള്ള അത്യന്താധുനിക സൗകര്യങ്ങളുള്ള, ഉന്നത താപനിലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട മുനിസിപ്പല്‍ ഇന്‍സിനറേറ്ററുകളുടെയും പൈറോലേറ്ററുകളുടെയും ഗ്യാസിഫയറുകളുടെയും ചെറു രൂപങ്ങള്‍ കുറഞ്ഞ നിരക്കില്‍ തയ്യാറാക്കുകയാണ് ഇത്തരം കണ്ടുപിടിത്തങ്ങളുടെ ലക്ഷ്യമെങ്കിലും ഇവയൊക്കെയും അവസാനിക്കുന്നത് അടുപ്പുകളുടെ പരിഷ്‌കൃത പതിപ്പുകളിലാണ്.

ഇന്ധനക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു ചൂളയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും ചേരുമ്പോഴാണ് ഒരു ആധുനിക ഇന്‍സിനറേറ്റര്‍ രൂപം കൊള്ളുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ മുനിസിപ്പല്‍ മാലിന്യങ്ങള്‍ കത്തിക്കാനുള്ള ഇത്തരം ഇന്‍സിനറേറ്ററുകളുടെ മൊത്തം ചെലവിന്റെ പകുതിയിലധികവും ചെലവാക്കപ്പെടുന്നത് വിവിധതരം മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ക്കും യന്ത്രങ്ങള്‍ക്കും വേണ്ടിയാണ്. പുറത്തേക്കുള്ള വാതക മാലിന്യങ്ങളെ ശുദ്ധീകരിക്കലാണ് പ്രധാനമായും നടക്കുന്നത്. ജ്വലനഫലമായുണ്ടാകുന്ന വാതകങ്ങളെ വ്യത്യസ്ത തരം അരിക്കല്‍ പ്രക്രിയയിലൂടെ കടത്തിവിട്ട ശേഷം ഭൂനിരപ്പില്‍ നിന്ന് വളരെ ഉയരെ അന്തരീക്ഷവായുവിലേക്ക് ഒരു പുകക്കുഴലുപയോഗിച്ച് വിസര്‍ജ്ജിച്ച് നേര്‍പ്പിക്കുകയാണ് സാധാരാണ പതിവ്.

ഇങ്ങനെയൊക്കെ ചെയ്താലും ചില രാസ മാലിന്യങ്ങളും വളരെ നേര്‍ത്ത പൊടികളും (നാനോ പാര്‍ട്ടിക്കിള്‍സ്) പുകക്കുഴലിലൂടെ പുറത്തേക്കു വരുന്നതും സാധാരണമാണ്. ഡയോക്‌സിനുകളും ഫ്യൂറാനുകളുമടക്കം അനേകം മാരക രാസസംയുക്തങ്ങളും മെര്‍ക്കുറി പോലുള്ള ലോഹങ്ങളുമൊക്കെ ഇങ്ങനെ പുറത്തുവരുന്നത് പതിവാണ്. കത്തിക്കല്‍ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ആണ് ഏറ്റവും കൂടുതല്‍ രാസ മാലിന്യങ്ങള്‍ പുറന്തള്ളപ്പെടുന്നത്. വ്യാപകമായ പാരിസ്ഥിതിക – പൊതുജനാരോഗ്യ പ്രശ്‌നങ്ങളുളവാക്കുന്നുണ്ട് ഇത്തരം ഭസ്മാസുരന്മാര്‍. അതു കൊണ്ടു തന്നെയാണ് അമേരിക്കയിലായാലും ഡല്‍ഹിയിലായാലും പൊതുജനങ്ങള്‍ ഇന്‍സിനറേഷനെതിരെ സമരം ചെയ്യുന്നത്.

പുകമാലിന്യങ്ങളെ ‘ശുദ്ധീകരിക്കാനുള്ള’ ശ്രമം കൂടുന്തോറും രാസമാലിന്യങ്ങളും വിഷങ്ങളും ജ്വലനഫലമായുണ്ടാകുന്ന ചാരത്തിലേക്കും പുകമാലിന്യങ്ങളെ ശുദ്ധീകരിക്കാനെടുക്കുന്ന വെള്ളത്തിലേക്കും കൂടുമാറും. അതായത് അവ നശിപ്പിക്കപ്പെടുന്നില്ല, ഒരിടത്തുനിന്ന് വേറൊരിടത്തേക്ക് മാറ്റപ്പെടുന്നേയുള്ളൂ. ഇതു കൂടാതെ വലിയൊരളവ് രാസ മാലിന്യങ്ങള്‍ അരിപ്പകളില്‍ തന്നെ കുടുങ്ങിക്കിടക്കും. അരിപ്പകള്‍ വൃത്തിയാക്കുമ്പോഴോ, ഉപേക്ഷിക്കുമ്പോഴോ അവ വീണ്ടും അന്തരീക്ഷത്തിലേക്കെത്താനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഇന്‍സിനറേറ്ററുകളില്‍ നിന്നുള്ള ചാരം ഹസാര്‍ഡസ് മാലിന്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി ലാന്റ് ഫില്ലുകളില്‍ ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. ഫ്‌ളൈ ആഷ് എന്ന പേരില്‍ സിമന്റ് നിര്‍മ്മാണത്തിനും ഇഷ്ടികനിര്‍മ്മാണത്തിനും പ്രീ ഫാബ് സിമന്റ് സ്ലാബുകളുടെ നിര്‍മാണത്തിനും ടൈലുകളുടെ നിര്‍മാണത്തിനും ഇത് പുറത്തു വരുന്നുണ്ട്.

ഇന്‍സിനറേറ്ററുകള്‍ക്കു പകരം മുനിസിപ്പല്‍ മാലിന്യങ്ങള്‍ നേരിട്ട് സിമന്റ് ഫാക്ടറികളിലെ ചൂളകളില്‍ കത്തിക്കുന്നതും പതിവാണ്. (വിപണികളില്‍ നിന്നും പിന്‍വലിക്കപ്പെട്ട മാഗി ന്യൂഡില്‍സും കാലാവധി കഴിഞ്ഞ കോസ്‌മെറ്റിക്‌സ്, ടൂത്ത് പേസ്റ്റുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളെന്നിവയൊക്കെയും ഇങ്ങനെയാണ് ‘നിര്‍മാര്‍ജനം’ ചെയ്യപ്പെടുന്നത്) കല്‍ക്കരിയോ വിറകോ മാത്രം കത്തിക്കാനായി ഡിസൈന്‍ ചെയ്യപ്പെട്ട സിമന്റ് ചൂളകളിലെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ക്കും ആ പരിമിതിയുണ്ട്. അതില്‍ വ്യത്യസ്ത തരത്തിലുള്ള മുനിസിപ്പല്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിലെ പന്തികേട് മനസ്സിലാക്കാവുന്നതേയുള്ളൂ.

പറഞ്ഞു വരുന്നത് മുനിസിപ്പല്‍ മാലിന്യങ്ങള്‍ ചെറിയ അളവിലായാല്‍ പോലും കത്തിക്കുന്നത് ‘ശാസ്ത്രീയമല്ലെ’ന്നു മാത്രമല്ല ‘അപകടകര’വുമാണ്. ഇതു മുന്‍നിര്‍ത്തിയാണ് വികസിത രാജ്യങ്ങളില്‍ ബാക് യാര്‍ഡ് ബേര്‍ണിംഗ് നിരോധിച്ചിട്ടുള്ളത്. അപ്പോഴാണ് നാം ഒരു ബാരലും ഒരു ചെറു കുഴലും കൊണ്ട് മാജിക് കാണിക്കാനിറങ്ങുന്നത്. കണ്ണിനു കാണാവുന്ന പുകയില്ലെങ്കില്‍ കുഴപ്പമില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ചെറു സംവിധാനങ്ങള്‍ക്ക് ജനപ്രീതി ലഭിക്കുന്നത്. നാം കത്തിക്കാനെടുക്കുന്ന സാധനങ്ങളിലേക്കൊന്നു നോക്കൂ, വിവിധ തരം പ്ലാസ്റ്റിക് കവറുകള്‍, അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അലക്കു പൊടി, ഉപ്പ്, ഷാമ്പൂ, എണ്ണ, ക്രീമുകള്‍, ലോഷനുകള്‍ എന്നിവ സഹിതമാണ് അവ അഗ്നിയിലേക്കു പോകുന്നത്. നാം കത്തിക്കാനെടുക്കുന്ന കടലാസുകളിലധികവും ക്ലോറിന്‍ ബ്ലീച്ച്ഡ് ആണ്. കടലാസിലെ അച്ചടി മഷിയാകട്ടെ ലെഡ് ബേസ്ഡ് ആണ്. ഇതു കൂടാതെ ചെറു അലുമിനിയം ഫോയിലുകള്‍, റബറുകള്‍, നിറമുള്ള തുണികള്‍ തുടങ്ങിയവയൊക്കെയാണ് നാം കത്തിക്കുന്നത്. ഇതു കൂടാതെ സാനിട്ടറി നാപ്കിനുകള്‍, ഡയപ്പറുകള്‍ എന്നിവ കത്തിക്കുന്നതിനായാണ് ആളുകള്‍ ഇപ്പോള്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് തന്നെ.

ജ്വലനസമയത്ത് ക്ലോറിന്‍, ചില ലോഹങ്ങള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യം സങ്കീര്‍ണങ്ങളായ രാസ സംയുക്തങ്ങളുടെ സൃഷ്ടിക്ക് കാരണമാവും. ഉപ്പടക്കമുള്ള ഇനോര്‍ഗാനിക് ക്ലോറൈഡുകളുടെ സാന്നിദ്ധ്യത്തിലുള്ള ജ്വലനം വര്‍ദ്ധിച്ച തോതില്‍ ഫ്യൂറാനുകളുടെ സൃഷ്ടിക്കു കാരണമാകുന്നുവെന്നുള്ള പഠനങ്ങളുണ്ട്.

നവജാതശിശുക്കള്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ശ്വാസകോശ രോഗങ്ങളുള്ളവര്‍, വൃദ്ധര്‍ തുടങ്ങിയവരെ ഇത്തരം ചെറുകിട കത്തിക്കലുകള്‍ കാര്യമായി ബാധിക്കും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമല്ല ജീവാപായം തന്നെ സംഭവിച്ചേക്കാം.

ഇന്നത്തെ അവസ്ഥയില്‍ പല മാലിന്യങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സാങ്കേതികവിദ്യകളില്ല. പ്രത്യേകിച്ച് സാനിട്ടറി നാപ്കിനുകളും മറ്റും. മുന്‍കാലങ്ങളില്‍ പഞ്ഞിയും സെല്ലുലോസും വുഡ് പള്‍പ്പും കൊണ്ട് ഉണ്ടാക്കിയിരുന്ന നാപ്കിനുകള്‍ ഇന്ന് സൂപ്പര്‍ അബ്‌സോര്‍ബന്റ് പ്ലാസ്റ്റിക്കുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇവയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഉല്‍പന്നങ്ങള്‍ – പുനരുപയോഗം ചെയ്യാവുന്ന തുണികൊണ്ടുള്ള നാപ്കിനുകള്‍, പഞ്ഞിയും സെല്ലുലോസും കൊണ്ടുള്ള ഡിസ്‌പോസിബിള്‍ നാപ്കിനുകള്‍, വളരെ സൗകര്യപ്രദമായി പുനരുപയോഗിക്കാവുന്ന മെന്‍സ്ട്രൂവേഷന്‍ കപ്പുകള്‍ എന്നിവയൊക്കെ പരിമിതമായാണെങ്കിലും വിപണിയില്‍ ലഭ്യമാണ്.

പരമാവധി പ്ലാസ്റ്റിക്കുകളെ വൃത്തിയാക്കി സംഭരിച്ച് പുനഃചംക്രമണത്തിനു ലഭ്യമാക്കുകയും നിലവില്‍ ഉപയോഗിക്കുന്ന സാനിട്ടറി നാപ്കിനുകളെ പ്രത്യേകമായി ഡിസിന്‍ഫെക്ട് ചെയ്ത് കുഴിച്ചിടുകയും ചെയ്യുകയാണ് കത്തിക്കലിനേക്കാള്‍ ഭേദം. ഉപഭോക്താക്കളെന്ന നിലയ്ക്ക് നമ്മുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും ഉല്‍പന്നങ്ങളുടെ ഡിസൈനുകളില്‍ മാറ്റം വരുത്തുന്നതിനും ഉല്‍പാദകരെ നിര്‍ബന്ധിക്കാനുള്ള ‘എക്‌സ്‌ററന്റഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി -EPR’ ക്യാമ്പെയ്‌നുകള്‍ നമ്മളും തുടങ്ങേണ്ടിയിരിക്കുന്നു. സങ്കീര്‍ണങ്ങളായ ഉല്‍പന്നങ്ങളുടെ അവശിഷ്ടങ്ങളും ഉത്പാദകരുടെ ഉത്തരവാദിത്തമാണെന്ന് നമ്മളും തിരിച്ചറിയണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

ഷിബു കെ നായര്‍

ഷിബു കെ നായര്‍

ഷിബു കെ നായര്‍ കോമേഴ്‌സില്‍ ബിരുദം. ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ ഡിപ്ലോമ. സീറോ വേസ്റ്റ് മാനേജ്‌മെന്റില്‍ കാലിഫോര്‍ണിയായിലുള്ള ബേര്‍ക്കെലെയിലെ ജിഎഐഎയില്‍ നിന്നും ഇക്കോളജി സെന്ററില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി. 2002 ല്‍ സീറോ വേസ്റ്റ് ഫെല്ലോഷിപ്പിന് അര്‍ഹനായി. 1991 ല്‍ തണലില്‍ ചേര്‍ന്ന് പാരിസ്ഥിതികപഠന പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തകനായി. 2000 മുതല്‍ തണലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സീറോ വേസ്റ്റ് പ്രോഗ്രാമുകളുടെയും കാമ്പയിന്റെയും നേതൃതവം വഹിക്കുന്നു. ജിഎഐഎയുടെ ഏഷ്യ-പസഫിക് മേഖലയുടെ ഉപദേശക സമിതി അംഗമായും സീറോ വേസ്റ്റ് ഹിമാലയ നെറ്റ്‌വര്‍ക്കിന്റെ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ടിലും ഗസ്റ്റ് ഫാക്കല്‍റ്റി അംഗവുമാണ് ഷിബു. സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സംസ്ഥാനതല വേസ്റ്റ്മാനേജ്‌മെന്റ് ടെക്‌നിക്കല്‍ കമ്മിറ്റിയില്‍ തണലിനെ പ്രതിനിധീകരിക്കുന്ന ഷിബു വേസ്റ്റ് മാനേജ്‌മെന്റിലും സീറോ വേസ്റ്റ് സംവിധാനത്തിലും ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം സര്‍ക്കാരിനും മറ്റ് സ്ഥാപനങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും നല്‍കി വരുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍