UPDATES

വിദേശം

ബ്രസീല്‍: സിക്ക വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വര്‍ഗ വിഭജനം

Avatar

അലെക്സ് ക്വാദ്രോസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

റിബെയ്റോ പ്രേറ്റോ; ഒരു ദശലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിബെയ്റോ വ്യാപാര സമുച്ചയത്തിലെ മഞ്ഞുപാളികളിട്ട കൂട്ടില്‍ കുട്ടികള്‍ സ്കെയ്റ്റ് ചെയ്യുന്നത് നോക്കിനിന്നാല്‍ ഊഹിക്കാന്‍ പോലും ആകില്ല, സിക്ക രോഗബാധയുടെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്ന നഗരങ്ങളിലൊന്നാണ് ഇതെന്ന്.

യുവതികള്‍ സ്റ്റാര്‍ബാക്സില്‍ നിന്നും കാപ്പി വാങ്ങുന്നു. ടീഷര്‍ടും അരക്കാലുറകളും ധരിച്ച ആണുങ്ങള്‍ വ്യായാമോപകരണങ്ങള്‍ക്കടുത്തുനിന്നും സെല്‍ഫിയെടുക്കുന്നു. അവര്‍ ഒരു വേവലാതിയും കൂടാതെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിനുകാരണം ശീതീകരിച്ച ഈ സ്ഥലത്തു സിക്ക രോഗബാധ പരത്തുന്ന കൊതുകിന് ജീവിക്കാനാകില്ല എന്നതിനാലാണ്.

തെക്കുകിഴക്കന്‍ തീരത്തുനിന്നും 230 മൈല്‍ അകലെയുള്ള റിബെയ്റോ പ്രേറ്റോയെ ബ്രസീലിന്റെ കാലിഫോര്‍ണിയ എന്നാണ് വിളിക്കുന്നത്. 1980-കളില്‍ പഞ്ചസാര, എഥനോള്‍ ഉത്പാദനം നിരവധിപേരുടെ ജീവിതനിലവാരം ഉയര്‍ത്തിയതിനെ തുടര്‍ന്നാണിത്. പക്ഷേ ആ അഭിവൃദ്ധി എല്ലാവരെയും ഒപ്പം കൂട്ടിയില്ല.

ഈ രാജ്യത്തെ ധനിക-ദരിദ്ര അന്തരത്തിന്റെ സൂക്ഷ്മ പരിച്ഛേദമാണ് ഈ പട്ടണം. ലോകത്തെ ഏറ്റവും രൂക്ഷമായ അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായ ബ്രസീലില്‍-സമ്പന്നന്മാരായ 1% മൊത്തം വരുമാനത്തിന്റെ നാലിലൊന്നും സ്വന്തമാക്കുന്നു-  സിക്ക വ്യാധി പടരുന്നതിലുമുണ്ട്  ഈ വര്‍ഗ വ്യത്യാസങ്ങളെന്ന് കാണാം.

റിബെയ്റോയുടെ മറുവശം കാണാന്‍ നിങ്ങള്‍ അധികമൊന്നും പോകേണ്ടതില്ല. വ്യാപാര സമുച്ചയത്തില്‍ നിന്നും 20 മിനിറ്റ് വണ്ടിയോടിച്ചാല്‍ തുണിക്കൂടാരം പോലുള്ള മേലാപ്പും കെട്ടി ഇടുങ്ങിയ ചേരികളില്‍ തീച്ചൂള പോലുള്ള മുറികളില്‍ നിലത്തു കിടന്നുറങ്ങുന്നത് കാണാം.

ഫെബ്രുവരി ആദ്യത്തില്‍, ഇവിടെ താമസിക്കുന്ന 20-കാരിയായ ഫെര്‍ണാണ്ട ഡി ഒലീവെര്യ മര്‍ച്ചിനിക്കു അസുഖമായി. ഡെങ്കു പനിയാകും എന്നാണ് ആദ്യം കരുതിയത്. ഡെങ്കു ഇവിടെ ആവര്‍ത്തിച്ചുവരുന്ന പകര്‍ച്ചവ്യാധിയാണ്. രണ്ടിന്റെയും ലക്ഷണങ്ങളും ഏതാണ്ടൊന്നുതന്നെ, കടുത്ത തലവേദനയും ചുവന്നുതടിക്കലും.

പക്ഷേ ഒരു പൊതുജനാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ പറഞ്ഞു അവളുടെ രോഗം, സിക്ക ആകാമെന്ന്. മൂന്നു മാസം ഗര്‍ഭിണിയായിരുന്ന മര്‍ച്ചിനി തകര്‍ന്നുപോയി. ഡെങ്കുവിനെക്കാള്‍ കുറഞ്ഞ നിലയിലുള്ളതാണെങ്കിലും സിക്ക microcephaly  എന്ന ജനനവൈകല്യത്തിന്-കുട്ടികള്‍ അസാധാരണമായ തരത്തില്‍ ചെറിയ തലയോടുകൂടി ജനിക്കുന്നു-  കാരണമാകുന്നു.

“ഇതെന്റെ ആദ്യ കുഞ്ഞാണ്,” നിറഞ്ഞ കണ്ണുകളുമായി മര്‍ച്ചിനി പറഞ്ഞു. “കുഞ്ഞിനുണ്ടായേക്കാവുന്ന കുഴപ്പങ്ങളെക്കുറിച്ചാലോചിച്ച് എനിക്കാകെ ആധിയായി. ഓരോ മൂന്നു മിനിറ്റ് കൂടുമ്പോഴും എനിക്കു വേദന വരാന്‍ തുടങ്ങി. ഗര്‍ഭച്ഛിദ്രം ഉണ്ടാകാതിരിക്കാന്‍ എനിക്കു മരുന്ന് തരേണ്ടിവന്നു.” അവളുടെ ആദ്യ പരിശോധന സിക ഉറപ്പാക്കാത്തതുകൊണ്ട് അവള്‍ക്ക്  മറ്റൊരു പരിശോധനകൂടി നടത്തേണ്ടിവന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ ഏതാണ്ട് ഒന്നര ദശലക്ഷം ബ്രസീലുകാര്‍ക്ക് സിക്ക ബാധിച്ചിട്ടുണ്ട്. അധികവും ഉഷ്ണവും ദാരിദ്ര്യവും ഒരുപോലെ രൂക്ഷമായ വടക്കുകിഴക്കന്‍ മേഖലയില്‍. 6,60,000 താമസക്കാരുള്ള ഈ പട്ടണത്തില്‍ സിക്ക വൈറസ് വൈകിയാണ് എത്തിയതെങ്കിലും പ്രാദേശിക ആരോഗ്യ വിഭാഗം കണക്കാക്കുന്നത് ചുരുങ്ങിയത് 130 ഗര്‍ഭിണികളെയെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ട് എന്നാണ്. താഴ്ന്ന വരുമാനക്കാര്‍ക്കിടയിലാണ് രോഗബാധ കൂടുതല്‍. ഡെങ്കു പനി ബാധയിലും ഈ പ്രവണത ദൃശ്യമാണ്. ജനുവരി മുതല്‍ക്കുള്ള 1,557 രോഗബാധയില്‍ 160 എണ്ണം മാത്രമാണ് സമ്പന്നമായ തെക്കന്‍ ഭാഗത്തുനിന്നും വന്നത്.

സാവോപോളോ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ബെനെഡിറ്റോ ഫോണ്‍സെക്ക പറയുന്നതു രോഗം പരത്തുന്ന കൊതുക് , ഈഡിയസ് ഈജിപ്റ്റി വളരെ ജനാധിപത്യവാദിയാണെന്നാണ്. ധനികരെയും ദരിദ്രരെയും ഒരുപോലെ കുത്തും. പക്ഷേ അവ പെറ്റുപെരുകുന്നത് നഗരത്തിലെ ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളിലാണ്. ഇവിടെ മിക്കവര്‍ക്കും അടക്കാനാവുന്ന ജനാലകള്‍പോലുമില്ല. പ്രതിമാസവരുമാനം 220 ഡോയല്‍റിലേറെ പോകാത്ത ഇവിടെ കൊതുകിനെ നശിപ്പിക്കാനുള്ള മരുന്നുപോലും ആഡംബരമാണ്.

അപര്യാപ്തമായ പൊതുസേവനങ്ങള്‍ മൂലം പുരപ്പുറത്തൊക്കെ വെള്ളം കെട്ടിനില്ക്കുന്നു. കണ്ടിടത്തൊക്കെ ചവറുകൂനകള്‍, ചിലയിടത്ത് ഓട പൊട്ടിയൊഴുകുന്നു.

കൊതുകുകകള്‍ വളരുന്നത് തടയാന്‍ ഓരോ കുടുംബവും നിരന്തരമായി ശ്രദ്ധിക്കണമെന്ന് പൊതുഅരോഗ്യ വിഭാഗം അധികൃതര്‍ പറയുന്നു. പക്ഷേ ഫോണ്‍സെക്ക പറയുന്ന പോലെ,“നിങ്ങള്‍ ധനികനാണെങ്കില്‍ ഇതിനൊക്കെ വളരെ എളുപ്പമാണ്.”

മണിമാളികകളും ശുദ്ധമാക്കിയ വെള്ളം നിറച്ച നീന്തല്‍ക്കുളങ്ങളും പരിചാരകരും നിറഞ്ഞ തെക്കന്‍ താമസപ്രദേശങ്ങള്‍ ലോസ് ഏഞ്ചലസിനേ ഓര്‍മ്മിപ്പിക്കും. ബ്രസീലില്‍ ഇപ്പൊഴും വ്യാപകമല്ലാത്ത തരം ജീവിതസൌകര്യങ്ങളുള്ള ചില്ലുമാളികകള്‍.

ഈ ജീവിതാന്തരം സാവോ ലൂക്കാസ് ആശുപത്രിയില്‍ കാണാം. സ്വകാര്യ ഇന്‍ഷൂറന്‍സൊ അല്ലെങ്കില്‍ സ്വന്തം കീശയില്‍ നിന്നും കാശു നല്‍കാന്‍ കഴിയുന്നവര്‍ക്കോ മാത്രമേ അവിടെ ചികിത്സ ലഭിക്കൂ. 

രാവിലെ ആശുപത്രിയുടെ സ്വാഗതമുറിയില്‍ ഡെങ്കു, സിക്ക ചികിത്സക്കായി വന്നവര്‍ വലിയ സ്ക്രീനില്‍ ടെലിവിഷന്‍ കണ്ടിരിക്കുന്നു. രക്ത പരിശോധനകള്‍ക്കും ഡോക്ടറെ കാണാനുമായി ഓരോരുത്തരും ശരാശരി ഒരു മണിക്കൂര്‍ കാത്തിരുന്നു.

എന്നാല്‍ അവിടെനിന്നും അത്ര അകലെയല്ലാത്ത ക്വിന്‍റിനോ ഫാസിനോയിലെ സൌജന്യ ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിതി അതല്ല. ആളുകള്‍ തിക്കിത്തിരക്കുന്നു. 8 മാസം ഗര്‍ഭിണിയായ 20-കാരി  വിവിയാന്‍ റോച്ച ആശുപത്രി വരാന്തയില്‍ ഒറ്റയ്ക്കിരിക്കുകയാണ്. ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് ജോലി. ഇന്നലെ 7 മണിക്കൂര്‍ ഈ ആശുപത്രിയില്‍ അവള്‍ ചെലവാക്കി.

“ഡോക്ടറേന്നെ പരിശോധിച്ചതുപോലുമില്ല. ഈ ഉപ്പുലായിനി നല്കി.” അത് ഡെങ്കു മൂലമുള്ള നിര്‍ജലീകരണത്തിനുള്ള ഒരു സാധാരണ ചികിത്സയാണ്. അവളുടെ അസുഖം മാറുന്നില്ല. മാത്രമല്ല മറ്റൊരു ഡോക്ടര്‍ പറഞ്ഞത് അവള്‍ക്ക് സിക്കയാകാം എന്നാണ്. അതാണവള്‍ വീണ്ടും വന്നത്. ഇപ്പോള്‍ പരിശോധനക്കായി രക്തം നല്കാന്‍ കാത്തിരിക്കുകയാണ്.  ഇത്തവണ ഒരു നാലുമണിക്കൂര്‍ കൂടി കാത്തിരിക്കേണ്ടിവരും.

ഡെങ്കുവും സിക്കയും തടയാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് റിബെയ്റോ പ്രേറ്റോയുടെ ആരോഗ്യ സെക്രട്ടറി സ്റ്റേനിയോ മിരാന്‍ഡ പറയുന്നത്. കാലിഫോര്‍ണിയയുമായി നഗരത്തെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നിരാശയോടെ പറഞ്ഞു,“അതാണ് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത പ്രതീക്ഷകള്‍ ഉണ്ടാക്കുന്നത്. താരതമ്യേന ഉയര്‍ന്ന ജീവിതസൌകര്യങ്ങളുള്ള ഒരു മധ്യവര്‍ഗം ഇവിടെയുണ്ട്. പക്ഷേ ബ്രസീലില്‍ മറ്റുള്ളിടങ്ങളില്‍ എന്നപോലെ ഇവിടെയും ഞെട്ടിപ്പിക്കുന്ന അസമത്വമുണ്ട്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍