UPDATES

ഡെങ്കിക്കും ചിക്കന്‍ ഗുനിയക്കും പിന്നാലെ സിക്ക

Avatar

മാര്‍ത്ത സറാസ്ക

സിക്കാ എന്നൊരു വൈറസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചെറിയ പനിയിലും ശ്വാസ തടസ്സത്തിലും തുടങ്ങി പിന്നീട് നാഡി വ്യവസ്ഥയെ തന്നെ  കുഴപ്പത്തിലാക്കി പക്ഷാഘാതത്തിലേക്കും ചിലപ്പോള്‍ മരണത്തിലേക്കും വരെ നയിച്ചേക്കാവുന്ന അപകടകാരി. കഴിഞ്ഞ പതിറ്റാണ്ടു വരെ ശാസ്ത്രലോകത്തിനു അധികം പിടികൊടുക്കാതെ മറഞ്ഞു കഴിഞ്ഞിരുന്ന ഈ വൈറസ് ഇപ്പോള്‍ തെക്കേ അമേരിക്കന്‍ പ്രദേശങ്ങളിലും പസഫിക്ക് തീരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഓഷ്യാനിയന്‍ മേഖലയിലും  വേഗത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ചിക്കന്‍ ഗുനിയയും ഡെങ്കിയും പോലെ കൊതുകിലൂടെ തന്നെയാണ് സിക്ക മനുഷ്യനിലേക്ക് എത്തുന്നത് രോഗിയുമായുള്ള ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിലേക്കും രോഗാണു പകരാമെന്നത് ഇതിനെ മറ്റു കൊതുകു ജന്യ രോഗങ്ങളില്‍ നിന്നു വ്യത്യസ്തവും ഭീതിദവുമാക്കുന്നു. വേണ്ട മുന്‍കരുതലും ജാഗ്രതയും ഇല്ലെങ്കില്‍ ഈ വൈറസ് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

1947ല്‍ ഉഗാണ്ടയിലെ സിക്ക വനപ്രദേശത്തെ പനി ബാധിച്ചൊരു കുരങ്ങിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ 2007 വരെ വെറും 14 മനുഷ്യരില്‍ മാത്രമേ സിക്ക ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുള്ളു. എന്നാല്‍ ആ വര്‍ഷം പസഫിക്കിനു തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന യാപ് ദ്വീപിലെ ആളുകളില്‍ ഈ വൈറസ് പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു.അപ്പോഴാണ് വൈദ്യ ശാസ്ത്രജ്ഞരും ഈ ഭീക്ഷണിയെ ശ്രദ്ധിച്ചു തുടങ്ങിയത്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ദ്വീപിലെ മുക്കാല്‍ ഭാഗം ജനങ്ങള്‍ക്കും (ഏകദേശം 11,000ത്തോളം പേര്‍) വൈറസ് ബാധയേറ്റു. തുടക്കത്തില്‍ വെറും 3 പേരില്‍ മാത്രമാണ് സിക്ക വൈറസ് കണ്ടെത്തിയിരുന്നത്.

വൈറസ് ബാധയേറ്റവരില്‍ ചെറിയ പനിയോടെയായിരുന്നു രോഗത്തിന്റെ തുടക്കം. തുടര്‍ന്നു രോഗികള്‍ക്ക് സന്ധി വേദനയും കണ്ണെരിച്ചലുമനുഭവപ്പെട്ടു. പിന്നീട് ശരീരത്തില്‍ വലിയ തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ചിലര്‍ക്ക് ഛര്‍ദ്ദിയുണ്ടായി. കൈ കാലുകളിലെ നീര്‍ക്കെട്ടും പ്രകാശത്തെ അഭിമുഖീകരിക്കാനുള്ള പ്രയാസവുമൊക്കെയായിരുന്നു മറ്റ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ ഇതെല്ലാം തന്നെ കുറച്ചു ദിവസത്തിനുള്ളില്‍ ഭേദമാവുന്നതായാണ് അന്ന് കാണാന്‍ കഴിഞ്ഞത്. ആരുടേയും ജീവന്‍ അപകടത്തിലായില്ല.

അതിനു ശേഷം പിന്നീട് 2013ലാണ് സിക്ക വൈറസ് പടരുന്നതായുള്ള വാര്‍ത്തകള്‍ വന്നത്. ഇത്തവണ താഹിതി ഉള്‍പ്പെടെയുള്ള ഫ്രഞ്ച് അധീന പോളിനേഷ്യന്‍ ദ്വീപുകളിലായിരുന്നു വൈറസ് വ്യാപനം. ദ്വീപ് സമൂഹത്തിലെ 11 ശതമാനും പേരും (28,000) രോഗബാധിതരായി ചികിത്സ തേടി. 2014ല്‍ പസഫിക്കിന്റെ തെക്കന്‍ പ്രദേശങ്ങളിലേക്കും രോഗം വ്യാപിച്ചു. പുതിയ കാലിഫോര്‍ണിയയിലും, ഓസ്‌ട്രേലിയയുടെ പടിഞ്ഞാറു ഭാഗത്തെ കുക്ക് ദ്വീപിലും വൈറസ് ബാധയുണ്ടായി. ഈ വര്‍ഷമാദ്യം ചിലിയുടെ ഭാഗമായ ഈസ്റ്റര്‍ ദ്വീപിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സിക്ക അമേരിക്കയിലെത്തിയതിന് ഔദ്യോഗിക സ്ഥിരീകരണമായി.

മെയ് മാസത്തോടെ ബ്രസീലിലും രോഗം സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടനയും പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനെസേഷനും ഈ പകര്‍ച്ചവ്യാധിക്കെതി രെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇപ്പോഴത്തെ കണക്കനുസരിച്ച് 24,000ത്തിലധികം പേരാണ് ബ്രസീലില്‍ രോഗ ബാധിതരായുള്ളത്.

ഇത്രയും കാലം മറഞ്ഞിരിക്കുകയായിരുന്നൊരു വൈറസ് പൊടുന്നനെ ദ്രുതഗതിയില്‍ വ്യാപിക്കാനുള്ള കാരണമെന്താണ്? വൈദ്യശാസ്ത്രത്തെ ശരിക്കും കുഴക്കുകയാണീ ചോദ്യം. ഡെങ്കി, ചിക്കന്‍ഗുനിയ, ജപ്പാന്‍ ജ്വരം, പീത ജ്വരം എന്നിവക്കെല്ലാം കാരണക്കാരായ വൈറസുകളോട് സാമ്യമുള്ളതാണ് സിക്കയുടെ ഘടന. എന്നാല്‍   സിക്കയെ സംബന്ധിച്ച് ദുരൂഹതകള്‍ കൂടുകയാണ്. 70 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കണ്ടെത്തിയ ഈ വൈറസ് ഈയടുത്തു മാത്രമാണ് മനുഷ്യരിലേക്കു വ്യാപിച്ചു തുടങ്ങിയത്. അതെന്തു കൊണ്ടാവാം? മനുഷ്യരെ പെട്ടെന്നു ബാധിക്കാന്‍ പാകത്തി ലും, കൊതുകുകള്‍ക്ക് എളുപ്പത്തില്‍ പരത്താന്‍ പാകത്തിലും സിക്ക വൈറസിനു പരിണാമം സംഭവിച്ചിട്ടുണ്ടാകാമെന്നതാണ് വൈദ്യ ശാസ്ത്രജ്ഞര്‍ അതിനു കാണുന്ന സാധ്യത. എന്നാല്‍ അത്തരത്തില്‍ പരിണാമം സംഭവിക്കാനുള്ള സാഹചര്യമെന്തായിരുന്നുവെന്നത് വ്യക്തവുമല്ല. എന്തായാലും ഉഷ്ണമേഖലകളില്‍ കണ്ടു വരാറുള്ള ഇത്തരം വൈറസുകള്‍ താപനിലയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അമേരിക്കയിലും യൂറോപ്യന്‍ പ്രദേശങ്ങളിലുമൊക്കെ വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നതാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.

ഉഗാണ്ടയോ, അല്ലെങ്കില്‍ മറ്റു പടിഞ്ഞാന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളോ സന്ദര്‍ശിച്ചു മടങ്ങിയവരിലൂടെയായിരിക്കാം സിക്ക വൈറസ് മറ്റു പ്രദേശങ്ങളിലെത്തിയിട്ടുണ്ടാകുകയെന്നാണ്  ഗവേഷകര്‍ കരുതുന്നത്. അവിടങ്ങളില്‍ നിന്നെത്തിയവരെ കടിക്കുന്നതിലൂടെ പ്രദേശത്തെ കൊതുക്കളിലേക്ക് വൈറസ് പ്രവേശിക്കുന്നു. ഇവ മറ്റുള്ളവരെ കടിക്കുമ്പോള്‍ പുതിയ വൈറസിനു വ്യാപിക്കാനുള്ള വഴിയൊരുങ്ങുകയായി. പുതിയൊരു സ്ഥലത്ത്, പ്രസ്തുത രോഗത്തെ മുമ്പ് പ്രതിരോധിച്ചു ശീലമില്ലാത്തവരുടെ ഇടയില്‍ സിക്ക വൈറസ് വളരെ വേഗം വ്യാപിക്കുമെന്നും കൂടുതല്‍ അപകടകാരികളാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2014ലെ ലോകകപ്പ് ഫുട്‌ബോള്‍ സമയത്തായിരിക്കാം സിക്ക വൈറസ് തങ്ങളുടെ രാജ്യത്തെത്തിയിരിക്കുകയെന്നും അവിടുത്തെ ശാസ്ത്ര സമൂഹം കരുതുന്നു.

സിക്ക എന്നത് പുറമേയ്ക്ക് ശക്തി കുറഞ്ഞൊരു വൈറസായി തോന്നിക്കുമെങ്കിലും ശരീരത്തിനകത്തു പ്രവേശിക്കുന്നതോടു കൂടി ഇവ തീര്‍ത്തും അപകടകാരികളായി മാറും. പ്രതിരോധ ശേഷിയെ താറുമാറാക്കുന്ന ഗല്ലെയ്ന്‍ ബെയര്‍ സിന്‍ഡ്രോമിലേക്കു നയിക്കുന്ന ഇവ ശ്വാസം മുട്ടല്‍, മൂത്രം പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത അവസ്ഥ  തുടങ്ങി പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമാകാം.

സിക്ക വൈറസ് മുഖേനയല്ലാതെയും ഗല്ലെയ്ന്‍ ബെയര്‍ സിന്‍ഡ്രോം എന്ന പ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗാവസ്ഥയുണ്ടാകാം. എന്നാല്‍ സിക്ക വൈറസ് ബാധിച്ചവരിലെല്ലാം തന്നെ ഗല്ലെയ്ന്‍ ബെയര്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നത് ഇവ തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് ഗവേഷകരെയെത്തിക്കുന്നു. ”ഫ്രഞ്ച്-പോളിനേഷ്യന്‍ ദ്വീപുകളില്‍ സിക്കയുടെ വ്യാപനത്തെ തുടര്‍ന്നു ഗല്ലെയ്ന്‍ ബെയര്‍ സിന്‍ഡ്രോം കേസുകള്‍ 20 മടങ്ങ് കൂടി. രോഗം ബാധിച്ച ഒരാള്‍ മരിക്കുകയും ചെയ്തു. ഏറ്റവും പുതിയതായി രോഗം വ്യാപിച്ച ബ്രസീലിലെ ബാഹിയയില്‍ നിന്നും സമാനമായ 53 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.” ടെക്‌സസ് സര്‍വ്വകലാശാലയിലെ, സാംക്രമിക രോഗങ്ങളേയും പ്രതിരോധ സംവിധാനങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന സ്‌കോട്ട് വീവര്‍ ചൂണ്ടിക്കാട്ടുന്നു. “ഗല്ലെയ്ന്‍ ബെയര്‍ സിന്‍ഡ്രോമിലേക്കു നയിക്കുന്നതാണ് സിക്ക വൈറസിനെ കൂടുതല്‍ മാരകമാക്കുന്നത്. അതു ഭേദമാകാന്‍ ഒരുപാടു കാലമെടുക്കും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊതുകു മുഖേനയല്ലാതെ ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിലേക്കും രോഗം പകരാനുള്ള സാധ്യതയാണ് സിക്ക വൈറസിനെ വീണ്ടും പ്രശ്‌നക്കാരനാക്കുന്നത്, ലൈംഗിക ബന്ധത്തിലൂടെ പകരാവുന്ന ആദ്യ കൊതുകു ജന്യ രോഗവുമാണിത്. ”സിക്ക” ലൈംഗിക ബന്ധത്തിലൂടെയും പകരാനുള്ള സാധ്യത 2008 മുതല്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. രോഗമുണ്ടായിരുന്ന ഭര്‍ത്താക്കന്‍മാരില്‍ നിന്നും ഭാര്യമാരിലേക്ക് രോഗം പകര്‍ന്ന സംഭവങ്ങളായിരുന്നു ഇത്തരം അനുമാനങ്ങള്‍ക്കാധാരം. എന്നാല്‍ ശുക്ലത്തില്‍ സിക്ക വൈറസിന്റെ സാന്നിധ്യം  കണ്ടെത്തിയതായി ഈ വര്‍ഷം പ്രസിദ്ധീകരിച്ച ഗവേഷക റിപ്പോര്‍ട്ടിലെ പരാമര്‍ശം  ഇത്തരം അനുമാനങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറ നല്‍കുന്നതാണ്. 

എന്നാല്‍ വൈറ സിനെ വഹിക്കുന്നതില്‍ കൊതുകിനു തുല്ല്യമായ പ്രാധാന്യം ലൈംഗിക ബന്ധത്തിനൊരിക്കലുമുണ്ടാവില്ലെന്നു ഗവേഷകര്‍ പറയുന്നു. രോഗിയായ വ്യക്തി ശാരീരിക ബന്ധത്തിലേര്‍പ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നതാണ് അവരതിനു കാരണമായി ചൂണ്ടിക്കാണിക്കുന്ന ഘടകം. 

ഏഷ്യന്‍ ടൈഗേര്‍സ് എന്നറിയപ്പെടുന്ന എയ്ഡ്‌സ് ആല്‍ബോപിക്കസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് സിക്ക വൈറസ് പ്രചരിപ്പിക്കുന്നതെന്നു യു.എസ്സിലെ രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രത്തിലെ ഗവേഷകര്‍ പറയുന്നു. കൊതുകിനു മേല്‍ കാണപ്പെടുന്ന കറുപ്പു വെളുപ്പു നിറത്തിലുള്ള പാടുകളാണ് അവ ഏഷ്യന്‍ ടൈഗേര്‍സ് എന്ന പേരിലറിയപ്പെടാന്‍ കാരണം. ഇത്തരം കൊതുകുകള്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ധാരാളമുണ്ടെന്നും ഇവര്‍ പറയുന്നു.

“സിക്ക, ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന കൊതുകുകള്‍ അമേരിക്കയുടെ പല ഭാഗത്തും കാണപ്പെടുന്നുണ്ട്. വേണ്ട മുന്‍കരുതലുകള്‍ എടുക്കുക എന്നതു മാത്രമാണ് രോഗ ബാധയൊഴിവാക്കാനുള്ള ഏക മാര്‍ഗം.” സിഡിസി അര്‍ബോവൈറല്‍ ഡിസീസ് ബ്രാഞ്ചിലെ സാംക്രമിക രോഗ വിദഗ്ദനായ മാര്‍ക്കേ ഫിച്ചര്‍ പറയുന്നു.

എന്തൊക്കെയാവാം മുന്‍കരുതല്‍ നടപടികള്‍- പുറത്തു പോകുമ്പോള്‍ കൊതുകു കടിയേല്‍ക്കാത്ത ആവരണങ്ങള്‍ ധരിക്കുക, കൊതുക് മുറിക്കകത്ത് കടക്കുന്നത് ഒഴിവാക്കുക, വീട്ടിനകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി കൊതുകിന്റെ പ്രജനന സാധ്യതകള്‍ ഇല്ലാതാക്കുക എന്നതോക്കെ തന്നെ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍