UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബി.ജെ.പി രാഷ്ട്രീയം കളിച്ചോളൂ, അനുഭവിക്കുന്നത് ജനങ്ങളാണ്

Avatar

ടീം അഴിമുഖം

സിക്ക വൈറസ് അതിവേഗം പടരുന്നു എന്ന ആശങ്കയില്‍ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച്ച ഒരു ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇന്ത്യയുടെ തലസ്ഥാനത്ത് തെരുവുകള്‍ ചവറുകൂനകളാക്കുന്ന നാറുന്ന നാടകം അരങ്ങേറുകയാണ്. ഇത്തരം മാലിന്യക്കൂമ്പാരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലുമാണ് സിക്ക വൈറസ് പടര്‍ത്തുന്ന ഈഡീസ് ഈജിപ്റ്റി (Aedes Aegypti) കൊതുകുകള്‍ പെറ്റുപെരുകുന്നത്.

ഡല്‍ഹിയില്‍ സംഗതി വളരെ ലളിതമാണ്, പക്ഷേ ആകെ നാറുകയാണ്. ബി ജെ പി ഭരിക്കുന്ന മൂന്ന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളി സമരം മൂലം കഴിഞ്ഞ ഒരാഴ്ച്ചയായി നിലച്ചിരിക്കുകയാണ്. തെരുവുകളില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ശുചീകരണ തൊഴിലാളികള്‍ വഴികളില്‍ ചവറ് കൊണ്ടുവന്നു തട്ടിയതിനാല്‍ ഡല്‍ഹിയിലെ മിക്ക തെരുവുകളും അളിഞ്ഞുനാറുന്നു.

ഡോക്ടര്‍മാര്‍, ആശുപത്രിജീവനക്കാര്‍, അദ്ധ്യാപകര്‍ എന്നിവരും സമരത്തിലായതിനാല്‍ നഗരസഭകള്‍ക്ക് കീഴിലുള്ള ആശുപത്രികളും വിദ്യാലയങ്ങളും സ്തംഭിച്ചിരിക്കുകയാണ്.

ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് 60,000-ത്തിലേറെ വരുന്ന ശുചീകരണ തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. നവംബര്‍ തൊട്ട് തങ്ങള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. സമരം ചെയ്യുന്ന സംഘടനകള്‍ മിക്കതും ബി ജെ പിയോടും കോണ്‍ഗ്രസിനോടും അനുഭാവം പുലര്‍ത്തുന്നവരാണ്.

സങ്കീര്‍ണമായൊരു ഭരണനിര്‍വ്വഹണ ഘടനയാണ് ഡല്‍ഹിക്കുള്ളത്. അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാരുണ്ട്, പക്ഷേ അതൊരു പൂര്‍ണ സംസ്ഥാനമല്ല. ഡല്‍ഹിയിലെ മൂന്നു മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഭരിക്കുന്നതും ബി ജെ പിയാണ്. പാര്‍ലമെന്‍റ് സ്ഥിതിചെയ്യുന്ന ല്യൂട്യന്‍സ് സോണ്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലാണ്. സൈനിക കന്‍റോണ്‍മെന്‍റ് ഒരു പ്രത്യേക വിഭാഗമാണ്. കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹി വികസന അതോറിറ്റിയാണ് ഡല്‍ഹിയിലെ ഭൂരിഭാഗം ഭൂമിയുടെയും നിയന്ത്രണം കയ്യാളുന്നത്. ഈ സങ്കീര്‍ണമായ ഭരണനിര്‍വ്വഹണ ഘടനയില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കാനും വളരെ എളുപ്പമാണ്.

ലോകമാകെ സിക്ക വൈറസിനെക്കുറിച്ചുള്ള ഭീതിയിലമരവേ ഡല്‍ഹിയിലെ തെരുവുകളിലെ ഞെട്ടിക്കുന്ന പ്രതിസന്ധി സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഡല്‍ഹി സര്‍ക്കാരിന് കീഴിലെ പൊതുമാരാമത്ത് വകുപ്പിലെയും ജലബോര്‍ഡിലെയും നൂറുകണക്കിനു ജീവനക്കാര്‍ നഗരത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ചവറ് നീക്കം ചെയ്യുകയാണ്. പലയിടത്തും സമരം ചെയ്യുന്ന MCD ജീവനക്കാര്‍ അവരെ തടയുന്നുണ്ട്. ചിലയിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ എമാരും മന്ത്രിമാരും മാലിന്യം നീക്കം ചെയ്യാന്‍ ഒപ്പം കൂടി.

തങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം തന്നില്ലെന്ന് ആരോപിച്ച് പ്രതിസന്ധിക്ക് ആപ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് മൂന്നു നഗരസഭകളും.

എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയേതര ഇനത്തില്‍ 2187 കോടി രൂപ മൂന്നു നഗരസഭകള്‍ക്കുമായി നല്‍കിയെന്ന്  സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. ഒരു ‘ശമ്പള കുംഭകോണ’മാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.

“ഞങ്ങള്‍ നല്‍കേണ്ട പണമെല്ലാം ഇതിനകം നല്കിയിട്ടുണ്ട്. അവര്‍ക്ക് നല്കിയ പണം എവിടെപ്പോയെന്ന് എം‌സി‌ഡി ഉത്തരം പറയണം,” ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

സമരം വിവിധ സേവനങ്ങളെ കാര്യമായി ബാധിച്ചതോടെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് സമരക്കാരുടെ പ്രതിനിധികളെ കാണുകയും സമരം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

“ഞങ്ങള്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറെ കണ്ട് ആവശ്യങ്ങള്‍ ധരിപ്പിച്ചു. ജീവനക്കാരുടെ കുടിശിക തീര്‍ക്കാന്‍ 5,000 കോടി രൂപ വേണമെന്ന് ഞങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു,” സമരം ചെയ്യുന്ന സംഘടനകളിലൊന്നിന്റെ അദ്ധ്യക്ഷന്‍ സന്‍ജയ് ഘെലോട് പറഞ്ഞു.

ജീവനക്കാര്‍ക്ക് ശമ്പളം നല്കാനും നഗരസഭകളെ സഹായിക്കാനും ഡല്‍ഹി വികസന അതോറിറ്റി അവര്‍ക്ക് നല്‍കാനുള്ള 1875 കോടി രൂപ കൊടുത്തുതീര്‍ക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ജംഗിനോട് അഭ്യര്‍ത്ഥിക്കുന്ന ഒരു പ്രമേയം ഡല്‍ഹി മന്ത്രിസഭ പാസാക്കിയിരുന്നു.

മാലിന്യത്തിന്റെ രാഷ്ട്രീയം
നരേന്ദ്ര മോദി അപമാനകരമായ തോല്‍വി ഏറ്റുവാങ്ങുകയും കോണ്‍ഗ്രസ് ഏതാണ്ട് തുടച്ചുനീക്കപ്പെടുകയും ചെയ്ത ഡല്‍ഹി രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്ന ഈ നാടകങ്ങളുടെ പ്രധാന കാരണമെന്ന് പലരും കരുതുന്നു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്‍കൈ കിട്ടുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്.

2015-ലെ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയവുമായി AAP അധികാരത്തിലെത്തിയതിന് ശേഷം ബി ജെ പി നിയന്ത്രണത്തിലുള്ള ഘടകങ്ങള്‍ അവരെ ബുദ്ധിമുട്ടിക്കാന്‍ പറ്റാവുന്ന കുതന്ത്രങ്ങളെല്ലാം പയറ്റുകയാണ്. അത് ഡല്‍ഹി പോലീസാകാം, മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാകാം. തെരുവുകളില്‍ ജനം അതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. തന്റെ സ്വച്ഛ ഭാരത് എന്ന മുദ്രാവാക്യത്തോട് പ്രധാനമന്ത്രി കൂറുപുലര്‍ത്തുന്നോ എന്നാണ് ചോദ്യം. ഇപ്പോള്‍, സിക്ക വൈറസിന് സ്വാഗതമോതുന്ന അഴുകിനാറുന്ന ഒരു നഗരഭൂമിയാണ് ഡല്‍ഹി. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍