UPDATES

വിദേശം

ഈ രാജ്യത്ത് ‘ദേശസ്നേഹം’ ഒരു ക്രിമിനല്‍ കുറ്റമാണ്

Avatar

മന്യറാഡ്സി ഡോഡോ
(ഫോറിന്‍ പോളിസി)

സിംബാബ്വിയന്‍ പാര്‍ലമെന്‍റ് അംഗമായ ട്രെവര്‍ സരുവാക ഈയാഴ്ച ഒരു സന്തോഷവാര്‍ത്ത കേട്ടു: “അക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള സംഘം ചേരല്‍, സമാധാന ലംഘനം, അസഹിഷ്ണുത” എന്നീ കുറ്റങ്ങളില്‍ നിന്ന് കോടതി അദ്ദേഹത്തെ വിമുക്തനാക്കി എന്നതായിരുന്നു അത്. സപ്തംബറില്‍ ഗവണ്‍മെന്‍റ് ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തിയ ഒരു പ്രകടനത്തില്‍ പങ്കെടുത്തതിനായിരുന്നു സരുവാകയ്ക്കു മേല്‍ ഗൌരവമായ ഈ കുറ്റങ്ങള്‍ ചുമത്തിയത്.

കഴിഞ്ഞയാഴ്ച തികച്ചും വ്യത്യസ്ഥമായ മറ്റൊരു വിവാദത്തിലും സരുവാകയുടെ പേര് ഉയര്‍ന്നു വന്നു; പാര്‍ലമെന്‍റിന്‍റെ പ്രാരംഭ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ അകത്തു പോകുന്നതില്‍നിന്ന് സെക്യൂരിറ്റിഗാര്‍ഡുകള്‍ വിലക്കി. അതിനു പറഞ്ഞ കാരണം കേട്ടാല്‍ ഈ രാജ്യത്തിന് പുറത്തുള്ള ആരും പരിഹസിക്കും: അദ്ദേഹം ധരിച്ചിരുന്ന ജാക്കറ്റില്‍ ദേശീയ പതാകയിലെ നിറങ്ങളായ പച്ച, സ്വര്‍ണ്ണം, ചുവപ്പ്, കറുപ്പ് എന്നിവയുണ്ടായിരുന്നു പോലും. “ഞാന്‍ ഞെട്ടിപ്പോയി. കാരണം ദേശസ്നേഹിയാകുന്നത് ഒരു ക്രിമിനല്‍ കുറ്റമാണെന്ന് ഞാനറിഞ്ഞിരുന്നില്ല,” സരുവാക പറഞ്ഞു.

ഈ വര്‍ഷമാദ്യം പാസ്റ്റര്‍ ഇവാന്‍ മവറൈര്‍ ആകസ്മികമായി തുടങ്ങി വച്ച #ThisFlag പ്രസ്ഥാനത്തോടെയാണ് സിംബാബ്വെയുടെ പതാക ഒരു പ്രതിഷേധചിഹ്നമായി മാറുന്നത്. ദേശീയ പതാക പുതച്ചു കൊണ്ട് രാജ്യത്തെ ഭരണത്തിന്‍റെ ദുരവസ്ഥയെ കുറിച്ച് പാസ്റ്റര്‍ മവറൈര്‍ വിലപിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലായി. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആയിരക്കണക്കിന് സിംബാബ്വേക്കാരാണ് ഗവണ്‍മെന്‍റിനെതിരേയുള്ള പ്രകടനമായി പതാകയേന്തിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. മവറൈറിന്‍റെ സന്ദേശം വ്യക്തമായിരുന്നു; സിംബാബ്വെ ജനങ്ങളുടേതാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതു മാത്രമല്ലെന്നും ഗവണ്‍മെന്‍റിനെ ഓര്‍മിപ്പിക്കുക.

മുഗാബേയും സിംബാബ്വെയില്‍ ഭരണത്തിലുള്ള അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ZANU-PF യിലെ മറ്റംഗങ്ങളും ഇതംഗീകരിച്ചില്ല. പ്രതിഷേധം ശക്തമായതോടെ നിവൃത്തിയില്ലാതെ അവര്‍ ഒരു തരത്തില്‍ സ്വന്തം രാജ്യത്തെ പതാക തന്നെ നിരോധിച്ചു. ഗവണ്‍മെന്‍റിന്‍റെ അനുവാദമില്ലാതെ ജനങ്ങള്‍ പതാക ഉപയോഗിച്ചാല്‍ 200 ഡോളര്‍ പിഴയോ (ശരാശരി പൌരന്‍ മൂന്നു ഡോളര്‍ കൊണ്ട് ഒരു ദിവസം കഴിച്ചുകൂട്ടുന്ന രാജ്യത്താണിത്) ഒരു വര്‍ഷത്തെ ജയില്‍വാസമോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് ജസ്റ്റിസ് മിനിസ്ട്രിയിലെ വിര്‍ജീനിയ മബീസ സപ്തംബര്‍ 20നു താക്കീതു നല്‍കി. “അപമാനിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടോ അതിനിടയാക്കുന്നതോ ആയ സന്ദര്‍ഭങ്ങളില്‍ ദേശീയ പതാക കത്തിക്കുകയോ വികലമാക്കുകയോ പതാകയെ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്താല്‍…” എന്നിങ്ങനെ അസ്പഷ്ടമായ ഒരു നിയമമാണ് മബീസ ഈ ഉത്തരവിനാധാരമായി പറഞ്ഞത്.


പാസ്റ്റര്‍ മവറൈര്‍

“അപമാനം”, “അപകീര്‍ത്തി” എന്നീ പദങ്ങളെ വ്യക്തമായി വ്യാഖ്യാനിക്കാതെ, അധികാരകേന്ദ്രങ്ങള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാനുള്ള പഴുതുകള്‍ നല്‍കിക്കൊണ്ടുള്ള നിയമമാണിതെന്ന് പറയേണ്ടതില്ലല്ലോ.

മുഗാബേയുടെ സിംബാബ്വേയില്‍ പതാക പുതയ്ക്കുന്നത് പോലും ഇന്ന് വിധ്വംസകപ്രവര്‍ത്തനമായാണ് കണക്കാക്കുന്നത്. ഗവണ്‍മെന്‍റ് നിയന്ത്രണത്തിലുള്ള പത്രമായ ‘ദ ഹെറാള്‍ഡ്’ പ്രതിഷേധക്കാരെ വിശേഷിപ്പിക്കുന്നത് “ഭരണഘടനാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്‍റിനെതിരായി രാഷ്ട്രീയ വികാരങ്ങള്‍ ഇളക്കി വിടാന്‍ പതാക ഉപയോഗിക്കുന്നവരെ”ന്നാണ്.

പാസ്റ്റര്‍ മവറൈറിനെ അറസ്റ്റ് ചെയ്തെങ്കിലും ഗവണ്‍മെന്‍റിന് രാജ്യദ്രോഹക്കുറ്റം സ്ഥാപിക്കാന്‍ കഴിയാതെ വന്നപ്പോള്‍ താമസിയാതെ വിട്ടയച്ചു. സിംബാബ്വേയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ അദ്ദേഹം ഇപ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ്. മവറൈര്‍ രാജ്യം വിട്ടതോടെ #ThisFlag പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലായി. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്ന ‘താജാമുക മൂവ്മെന്‍റ്’ പോലെയുള്ള പൌരാവകാശ സംഘങ്ങള്‍ ഇപ്പോള്‍ മുന്‍നിരയിലുണ്ട്. ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ക്ക് യാതൊരുദ്ദേശവുമില്ലെന്ന് താജാമുക ഗ്രൂപ്പിന്‍റെ നേതാവ് പ്രോമിസ് ക്വാനാന്‍സ് റോയിറ്റേഴ്സിനോട് പറഞ്ഞു. “രാജ്യത്തിന്‍റെ സ്വന്തം പതാക ഉപയോഗിക്കുന്നതില്‍ നിന്നു ഗവണ്‍മെന്‍റ് ജനങ്ങളെ വിലക്കുന്നത് ഒരുതരം ഭ്രാന്താണ്. ഞങ്ങളുടെ സ്വത്വത്തിന്‍റെ ഭാഗമായ ഈ കൊടി ഞങ്ങള്‍ ഉപയോഗിക്കുകതന്നെ ചെയ്യും.”

വിമര്‍ശകര്‍ ഈ നിയന്ത്രണത്തെ യാതൊരു അടിസ്ഥാനവുമില്ലാത്തത് എന്നു പറഞ്ഞു തള്ളിക്കളയുന്നു. ഹരാരെയിലുള്ള അഭിഭാഷകനായ ഫസായി മഹിയെര്‍ പറയുന്നത് ഗവണ്‍മെന്‍റ് വക നിയന്ത്രണപ്രകാരം നോക്കിയാലും പൌരന്മാര്‍ക്ക് പതാക “കൈവശം വയ്ക്കുന്നതിനോ അണിയുന്നതിനോ” അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നാണ്. ഉപയോഗിക്കുന്നതോ കൈയ്യില്‍ വയ്ക്കുന്നതോ പുതയ്ക്കുന്നതോ ഒന്നും ക്രിമിനല്‍ കുറ്റമല്ല. “പതാക നിര്‍മ്മിക്കുന്നതോ വില്‍ക്കുന്നതോ ഒരു നിയമം കൊണ്ടും തടയാന്‍ സാധ്യമല്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനരോഷം പതിവായ സാഹചര്യത്തില്‍ മേല്‍ക്കൈ വീണ്ടെടുക്കാനുള്ള മുഗാബേയുടെ സര്‍ക്കാരിന്‍റെ ശ്രമമായാണ് പതാക ഉപയോഗ നിയന്ത്രണത്തെ ഞാന്‍ കാണുന്നത്. എതിര്‍പ്പുകളെ അടിച്ചമര്‍ത്താന്‍ പ്രതിഷേധിക്കുന്നവരെ ഒരുമിപ്പിക്കുന്ന ചിഹ്നം എടുത്തു കളയുന്നതിനേക്കാള്‍ നല്ല മാര്‍ഗ്ഗം വേറെന്താണ്?

നിരോധനം നിലവില്‍ വന്നതോടെ എതിരാളികളെ ഒറ്റപ്പെടുത്താനും അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും സുരക്ഷാസൈനികര്‍ക്ക് എളുപ്പമായേക്കാം. സിംബാബ്വിയന്‍ ഭരണഘടന പ്രതിഷേധിക്കാനുള്ള അവകാശം വ്യക്തമായി ഉറപ്പു വരുത്തുന്നതുകൊണ്ട് പ്രതിഷേധക്കാരെ ജയിലിലടയ്ക്കാന്‍ തക്ക കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ ഗവണ്‍മെന്‍റ് കഷ്ടപ്പെടുകയായിരുന്നു ഇതുവരെ.

മുഗാബേ സ്വാതന്ത്ര്യാനന്തര സിംബാബ്വേയുടെ ആദ്യ നേതാവായപ്പോള്‍ അദ്ദേഹത്തിന്‍റെ ആദ്യ ചുമതലകളിലൊന്ന് പുതിയ ദേശീയ പതാകയുടെ ഡിസൈന്‍ തീരുമാനമാക്കുന്നതായിരുന്നു. മുഗാബേ യുഗത്തിന്‍റെ അന്ത്യം കുറിക്കുന്നതിന്‍റെ അടയാളവും അതേ പതാകയായേക്കാം.

(2015ലെ മണ്ടേല വാഷിംഗ്ടന്‍ ഫെലോ ആണ് ഡോഡോ. സിംബാബ്വേയിലെ ഹരാരെയിലുള്ള സിറ്റിസണ്‍ ജേണലിസം പ്ലാറ്റ്ഫോമായ OpenParlyZW യുടെ എഡിറ്ററാണ്.)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍