UPDATES

എഡിറ്റര്‍

ട്രംപിനെ പിന്തുണച്ച് മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ സ്ലാവോജ് സിസെക്

Avatar

അഴിമുഖം പ്രതിനിധി

യു.എസ് പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച് പ്രശസ്ത മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ സ്ലാവോജ് സിസെക് രംഗത്തെത്തിയത് ശ്രദ്ധേയമാകുന്നു. ബ്രിട്ടനിലെ ചാനല്‍ ഫോറിന് നല്‍കിയ അഭിമുഖത്തിലാണ് സിസെക് ഇക്കാര്യം പറഞ്ഞത്. നിങ്ങള്‍ക്ക് അമേരിക്കയില്‍ വോട്ടുണ്ടായിരുന്നെങ്കില്‍ ആര്‍ക്കാവും പിന്തുണ എന്നതായിരുന്നു ചോദ്യം. ഉടന്‍ സിസെകിന്‌റെ മറുപടി വന്നു: “ട്രംപ്”. ട്രംപ് തന്നെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും ഹിലരി ക്ലിന്‌റനാണ് കൂടുതല്‍ അപകടകാരിയെന്ന് സ്ലാവോജ് സിസെക് അഭിപ്രായപ്പെട്ടു. സ്ലൊവേനിയയിലെ ജുബ്ജാന സര്‍വകലാശാലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യോളജി ആന്‍ഡ് ഫിലോസഫിയില്‍ സീനിയര്‍ പ്രൊഫസറാണ് സ്ലാവോജ് സിസെക്.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ഹിലരിയുടെ പ്രധാന എതിരാളിയായി മത്സര രംഗത്തുണ്ടായിരുന്ന ബേണി സാന്‍ഡേഴ്‌സ് ഹിലരിയെ പുകഴ്ത്തിയിരുന്നു. ഇത് ലേമാന്‍ ബ്രദേഴ്‌സ് ഒക്യുപ്പൈ വാള്‍സ്ട്രീറ്റ് സമരത്തെ പുകഴ്ത്തിയത് പോലെ ആയിപ്പോയെന്നും സിസെക് അഭിപ്രായപ്പെട്ടു. എല്ലാ സമൂഹങ്ങളിലും അലിഖിത നിയമങ്ങള്‍ ധാരാളമായുണ്ട്. രാഷ്ട്രീയം എങ്ങനെ മുന്നോട്ട് പോകണം, പൊതുബോധം ഏങ്ങനെ രൂപീകരിക്കപ്പെടുന്നു എന്നിങ്ങനെയൊക്കെ. ഇത്തരം നിയമങ്ങളെയൊക്കെ മറികടക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്.

ട്രംപ് ജയിക്കുകയാണെങ്കില്‍ അത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും ഡെമോക്രാറ്റിക് പാര്‍ട്ടിയേയും സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും. അവര്‍ അവരെ കുറിച്ച് തന്നെ വലിയ തോതില്‍ പുനരാലോചനകള്‍ നടത്തേണ്ടി വരും. ട്രംപ് അധികാരത്തില്‍ വന്നാല്‍ അത് അമേരിക്കയില്‍ പുതിയ ഉണര്‍വായിരിക്കും ഉണ്ടാക്കുക. പുതിയ രാഷ്ട്രീയ പ്രക്രിയയ്ക്ക് അത് തുടക്കം കുറിച്ചേക്കും – സിസെക് അഭിപ്രായപ്പെട്ടു. ട്രംപ് അമേരിക്കയില്‍ ഫാസിസം കൊണ്ടുവരുമെന്ന അഭിപ്രായങ്ങളേയും സിസെക് തള്ളിക്കളഞ്ഞു.

അതേസമയം ട്രംപ് സുപ്രീംകോടതിയിലേയ്ക്ക് വലതുപക്ഷക്കാരായ ജഡ്ജിമാരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും ഇത് അപകടകരമായിരിക്കുമെന്നും സിസെക് പറഞ്ഞു. ജഡത്വമാണ് ഹിലരിയുടെ മുഖമുദ്ര. അത് വളരെ അപകടകരമാണ്. അതേസമയം അവര്‍ ബാങ്കുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. സാമൂഹ്യ പുരോഗതിക്ക് വേണ്ടി നിലകൊള്ളുന്നയാളായി അവര്‍ അഭിനയിക്കുകയാണെന്നും സിസെക് ആരോപിച്ചു. സിസെക് ട്രംപിനെ പുകഴ്ത്തിയത് പൊതുവായി വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.

കൂടുതല്‍ വായിക്കാന്‍: https://goo.gl/ZCqmtS

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍