UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ്ബുക്ക് അല്‍ഗോരിതത്തിന് അട്ടിമറിക്കാനാവില്ല ചില ചരിത്ര സത്യങ്ങളെ

Avatar

അബ്ബി ഓഹില്‍ഹെയിസര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യുദ്ധത്തെ കുറിച്ചുള്ള ധാരണകളെ മാറ്റിമറിച്ച അപൂര്‍വ്വം ഫോട്ടോകളില്‍ ഇടംപിടിച്ച ഒന്നാണ് നിക്ക് ഉടിന്റെ അതിപ്രശസ്തമായ വിയറ്റ്‌നാം യുദ്ധ ഫോട്ടോ. വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ് പൊള്ളലേറ്റ നഗ്ന ശരീരവുമായി യുദ്ധക്കെടുതിയില്‍ നിന്നോടി രക്ഷപ്പെടുന്ന ഒമ്പതുകാരി കിം ഫുകിന്റെ ചിത്രം വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരതയെ നിര്‍വചിക്കുന്ന ഒന്നായിരുന്നു.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് നോര്‍വീജിയന്‍ എഴുത്തുകാരനായ ടോം എഗ്ലന്‍ഡ് ഈ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഇപ്പോഴും നിലനില്‍ക്കുന്ന അതിന്റെ സ്വാധീന ശക്തി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ ഫേസ്ബുക്ക് മോഡറേറ്റര്‍മാര്‍ പുലിറ്റ്‌സര്‍ സമ്മാനം നേടിയ ഈ ഫോട്ടോ കണ്ടപ്പോള്‍ അതിന്റെ വസ്തുതാപരമായ ചരിത്രപ്രാധാന്യമോ അല്ലെങ്കില്‍ അത് ലോകത്തെ സ്വാധീനിച്ചതോ ഒന്നുമല്ല കാര്യമാക്കിയത്. നഗ്നതാ പ്രദര്‍ശനം സംബന്ധിച്ച തങ്ങളുടെ നയത്തിന് എതിരാണ് ഈ ഫോട്ടോ പോസ്റ്റ് എന്നു മാത്രമാണ് ഫേസ്ബുക്ക് പരിഗണിച്ചത്. എഗ്ലന്‍ഡിന്റെ പേജില്‍ നിന്നും ഫേസ്ബുക്ക് ഈ ഫോട്ടോയും അതോടൊപ്പമുണ്ടായിരുന്ന കുറിപ്പും നീക്കം ചെയ്യുകയും ചെയ്തു. ഈ ചിത്രം സെന്‍സര്‍ ചെയ്ത ഫേസ്ബുക്ക് തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് കിം ഫുക്കുമായുള്ള ഒരു അഭിമുഖം കൂടി പോസ്റ്റ് ചെയ്തതോടെ എഗ്ലന്‍ഡിന്റെ അക്കൗണ്ട് 24 മണിക്കൂര്‍ ഫേസ്ബുക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഫേസ്ബുക്കിനെതിരെ നോര്‍വെയിലുടനീളം ഏതാനും ദിവസങ്ങളായി നടന്നുവരുന്ന കോലാഹലങ്ങളുടെ തുടക്കമായിരുന്നു ഇത്. നോര്‍വെയിലെ ഏറ്റവും വലിയ പത്രം ഈ വിഷയം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഒരു തുറന്ന കത്തു കൂടി എഴുതിയതോടെ വിഷയം രാജ്യത്തെ പ്രധാനമന്ത്രിയുടെ കാതില്‍ വരെ എത്തി.

ലോകത്തൊട്ടാകെ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിനുള്ള സ്വാധീന ശക്തി കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പ്യൂ നടത്തിയ ഒരു സര്‍വേ പ്രകാരം യുഎസിലെ 44 ശതമാനം പൊതുജനവും വാര്‍ത്ത അറിയുന്നത് ഫേസ്ബുക്കിലൂടെയാണ്. ഫേസ്ബുക്ക് ഒരു ടെക്ക് കമ്പനിയാണ്, മാധ്യമ കമ്പനിയല്ലെന്ന് സുക്കര്‍ബര്‍ഗ് പറയുമ്പോഴും ഉപഭോക്താക്കള്‍ എന്തു കാണണം (കാണരുത്) എന്ന് തീരുമാനിക്കുന്നതില്‍ എത്രത്തോളം നിയന്ത്രണ ശക്തി അതുപയോഗിക്കുന്ന മാധ്യമത്തിനുണ്ട് എന്ന് എടുത്തു കാണിക്കുന്ന ഒരു സംഭവമായി ഇത്.


അഫ്റ്റന്‍പോസ്റ്റന്‍ എഡിറ്റര്‍ എസ്പന്‍ എജില്‍ ഹന്‍സന്‍

ഫോട്ടോ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തതില്‍ പ്രതിഷേധിച്ച് എഴുതിയ തുറന്ന കത്തില്‍ ‘ലോകത്തെ ഏറ്റവും ശക്തനായ എഡിറ്റര്‍’ എന്നാണ് സുക്കര്‍ബര്‍ഗിനെ നോര്‍വേയിലെ ഏറ്റവും വലിയ പത്രമായ അഫ്റ്റന്‍പോസ്റ്റന്‍ എഡിറ്റര്‍ എസ്പന്‍ എജില്‍ ഹന്‍സന്‍ വിശേഷിപ്പിച്ചത്.

‘എന്നെ സംബന്ധിച്ചിടത്തോളം താങ്കള്‍ ചെയ്തത് അധികാര ദുര്‍വിനിയോഗമാണ്. താങ്കള്‍ ഇക്കാര്യം ആഴത്തില്‍ പരിശോധിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാന്‍ എനിക്കു പ്രയാസമാണ്,’ അദ്ദേഹം എഴുതുന്നു.

അഫ്റ്റന്‍പോസ്റ്റന്‍ തുറന്ന കത്ത് പ്രസിദ്ധീകരിച്ചതിനു തൊട്ടുപിറകെ പ്രധാനമന്ത്രി ഇര്‍ന സോള്‍ബര്‍ഗ് കൂടി ഈ ചിത്രം തന്റെ സ്വന്തം ഫേസ്ബുക്ക് പേജില്‍ വെള്ളിയാഴ്ച പോസ്റ്റ് ചെയ്തതോടെ നോര്‍വെയിലുടനീളം പ്രതിഷേധം ആളിക്കത്തി. ‘ഇത്തരം ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യുന്നതില്‍ ഫേസ്ബുക്കിന് പിഴച്ചിരിക്കുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണ്,’ ഫോട്ടോ പോസ്റ്റിനൊപ്പം അവര്‍ എഴുതി. ‘ഓണ്‍ലൈനായോ അല്ലെങ്കില്‍ നാം ചെല്ലുന്ന ഏതിടത്തും ആരോഗ്യകരവും തുറന്നതും സ്വതന്ത്രവുമായ ചര്‍ച്ചകളെ ഞാന്‍ അനുകൂലിക്കും. എന്നാല്‍ ഇത്തരത്തിലുള്ള സെന്‍സര്‍ഷിപ്പിനെ അനുകൂലിക്കാനാകില്ല.’

ഈ പ്രസ്താവനയും കൂടെയുള്ള ഫോട്ടോയുമടക്കം സോള്‍ബര്‍ഗിന്റെ പോസ്റ്റ് പിന്നീട് ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായി. എന്നാല്‍ പ്രധാനമന്ത്രി തന്റെ പേജില്‍ നിന്ന് ഈ പോസ്റ്റ് സ്വയം നീക്കം ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യ വക്താവ് പറയുന്നു.

സുക്കര്‍ബര്‍ഗിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് അഫ്റ്റ്ന്‍പോസ്റ്റ്ന്‍ ഒന്നാം പേജില്‍ തന്നെയാണ് പ്രസിദ്ധീകരിച്ചത്. ‘വിയറ്റ്‌നാം യുദ്ധകാലത്ത് നിക്ക് ഉടിയെടുത്ത വസ്തുതാപരമായ ഒരു ഫോട്ടോ നീക്കം ചെയ്യണമെന്ന താങ്കളുടെ ആവശ്യം ഞാന്‍ ഇന്നും അംഗീകരിക്കില്ല, ഭാവിയിലും അംഗീകരിക്കാന്‍ പോകുന്നില്ല എന്ന് അറിയിക്കാനാണ് ഈ കത്ത് എഴുതുന്നത്,’ തുറന്ന കത്തില്‍ ഹന്‍സന്‍ എഴുതി.

‘ഓരോ വസ്തുതകളും പ്രസിദ്ധീകരിക്കുന്ന കാര്യം പരിഗണിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തമുണ്ട്. ഇതൊരു പക്ഷേ ഭാരിച്ച ഉത്തരവാദിത്തമാകാം. അതിന്റെ ഗുണദോഷ വശങ്ങളെകുറിച്ച് ഓരോ എഡിറ്റര്‍മാരും ബോധവാന്‍മാരായിരിക്കണം. ലോകത്തെ എല്ലാ എഡിറ്റര്‍മാര്‍ക്കുമുള്ള ഈ അവകാശവും കടമയും കാലിഫോര്‍ണിയയിലെ താങ്കളുടെ ഓഫീസിലിരുന്ന് കോഡ് ചെയ്യപ്പെടുന്ന അല്‍ഗോരിതം വച്ച് അട്ടിമറിക്കപ്പെടാന്‍ പാടില്ല,’ അദ്ദേഹം എഴുതുന്നു.

എഗ്ലന്‍ഡിന്റെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തതു സംബന്ധിച്ചു നല്‍കിയ വാര്‍ത്തയോടൊപ്പം ചേര്‍ത്ത വിയറ്റ്‌നാം യുദ്ധ ഫോട്ടോയും നീക്കം ചെയ്യുകയോ അവ്യക്തമാക്കുകയോ ചെയ്യണമെന്ന് ഫേസ്ബുക്ക് തങ്ങളോട് ആവശ്യപ്പെട്ടതായും ഹന്‍സന്‍ പറയുന്നു.

‘ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന വ്യത്യസ്ത ജനങ്ങള്‍ക്കു മുമ്പിലേക്ക് വൈകാരികമായ പോസ്റ്റുകള്‍ എത്തുന്നത് പരിമിതപ്പെടുത്താന്‍ നഗ്നതാ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്,’ അഫ്റ്റ്ന്‍പോസ്റ്റ്ന്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിനൊപ്പം ചേര്‍ത്ത ഫേസ്ബുക്ക് കുറിപ്പാണിത്. ‘പൂര്‍ണ നഗ്ന ജനനേന്ദ്രിയങ്ങള്‍, നിതംബം, സ്ത്രീകളുടെ നഗ്ന മാറിടം എന്നിവ കാണിക്കുന്ന ഏതു ചിത്രവും നീക്കം ചെയ്യപ്പെടും. ബോധവല്‍ക്കരണ പ്രചാരണത്തിന്റെയോ കലാസൃഷ്ടി പ്രദര്‍ശനത്തിന്റെയോ ഭാഗമായി പലപ്പോഴും ന്യായമായ കാരണങ്ങളാല്‍ ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റുകളും ചിലസമയങ്ങളില്‍ ഈ നിയന്ത്രണങ്ങള്‍ക്കു വിധേയമാകുന്നുണ്ടെന്ന കാര്യം ഞങ്ങള്‍ മനസ്സിലാക്കുകയും ഈ അസൗകര്യത്തിന് മാപ്പപേക്ഷിക്കുകയും ചെയ്യുന്നു,’ ഫേസ്ബുക്ക് വ്യക്തമാക്കി.

ഫേസ്ബുക്കിന്റെ തിട്ടൂരം അനുസരിച്ച് ചിത്രം നീക്കം ചെയ്യുകയോ അവ്യക്തമാക്കുകയോ ചെയ്യാതെ സുക്കര്‍ബര്‍ഗിനോട് ഹാന്‍സന്‍ ഇങ്ങനെ കൂടി പറഞ്ഞു: ‘എന്റെ എഡിറ്റോറിയല്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള അവകാശത്തില്‍ കൈകടത്താനാണ് ഫേസ്ബുക്ക് ശ്രമിച്ചത്. ഇതു തന്നെയാണ് താങ്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഈ സംഭവത്തിലും ചെയ്യുന്നത്.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍