UPDATES

ഷഹബാസ് അമന്‍

കാഴ്ചപ്പാട്

ഷഹബാസ് അമന്‍

ന്യൂസ് അപ്ഡേറ്റ്സ്

എം എസ് വിയിലൂടെ പോകുന്ന ഒരു പാട്ട് വിചാരം

ഹിന്ദിപ്പാട്ടുകളുടെ ഈണത്തിന് കണക്കാക്കി മലയാളം എഴുതുകയായിരുന്നു ഒരു കാലത്ത് നമ്മള്‍. പിന്നീട് സ്വന്തം പാട്ടുണ്ടായി. സി.രാമച്ചന്ദ്രയും നൌഷാദുമാണ് ഈണങ്ങള്‍ ഉണ്ടാക്കാന്‍ മുക്കരയേയും പഠിപ്പിച്ചതെന്നു പറയുന്നവരുണ്ട്. നമ്മുടെ നാടക ഗാനങ്ങളില്‍ പോലും അതിനുള്ള  തെളിവുകളെ അവര്‍ കണ്ടെത്തുന്നു. അതേ സമയം അനില്‍ ബിശ്വാസാണ് ഇന്നും നടപ്പിലുള്ള പല്ലവി-അനുപല്ലവി-ചരണം ഫോര്‍മാറ്റ് രൂപപ്പെടുത്തിയതെന്നും ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട്. ഏതായാലും പൊളിച്ചു മാറ്റാത്ത സെറ്റില്‍ പ്രേമ /പുരാണങ്ങള്‍ ഭാഷ മാറ്റിയെടുക്കല്‍ത്തന്നെ ആയിരുന്നു നമ്മുടെ ആദ്യകാല സിനിമാത്തൊഴില്‍; വിനോദം!

പാട്ടിന്‍റെ കാര്യത്തില്‍ ഭാഷ സംഗീതത്തെയും തിരിച്ചും സ്വാധീനിക്കുന്നുണ്ട്. ഭാഷയില്‍, തമിഴ് മലയാളത്തിനു തായ് വേര് ആയിട്ടുണ്ടെങ്കില്‍ പാട്ടിലും അങ്ങനെ തന്നെയാണെന്ന് പറയാം. ശ്രദ്ധിച്ചു നോക്കുമ്പോള്‍ രചനാപരമായും സംഗീതപരമായും ചിന്താപരമായും തമിഴ് നമുക്ക് മാതൃകയായി മുന്നില്‍ നിന്നിട്ടുണ്ട് എന്ന്  സമ്മതിക്കുന്നതില്‍ ‘നാണിക്കാന്‍’ ഒന്നുമില്ല. 

മോയിന്‍കുട്ടി വൈദ്യരുടെയും നാരായണ ഗുരുവിന്‍റെയും ചങ്ങമ്പുഴയുടെയുമൊക്കെ പാട്ടില്‍ ആ ‘കൂട്ട്’ കാണാം. ഹിന്ദി, ഉറുദു ഗാനങ്ങളുടെ സ്വാധീനം സംഗീതപരമായി ഒരു നല്ല പങ്ക് കിട്ടിയെങ്കിലും  പൂര്‍ണ്ണമായും വടക്കന്‍ സ്വാധീനത്തില്‍ ‘പെട്ടവര്‍’ ആണ് നമ്മള്‍ എന്ന്  വിശ്വസിക്കുക വയ്യ. അല്ലെങ്കില്‍ കേരളം ഇങ്ങനെയല്ല ഇരിക്കുക. മലബാര്‍ പോലും! അത് വേറൊരു വിഷയമാണ്. ‘ദക്ഷിണേന്ത്യന്‍ ഭൂസ്വാധീനം, മിക്സഡ്‌ ജീവിതപരിസരം, നാടന്‍ കലാരൂപങ്ങളുടെ അടരുകള്‍ എന്നിവയൊക്കെ ഒരു മാപ്പിളപ്പാട്ടില്‍ വരെ എടുത്തു കാണാം എന്നിരിക്കെ നമ്മുടെ സിനിമാ പാട്ടിനു ഇന്ന് കാണുന്ന ഒരു രൂപം ഉണ്ടായ  കാര്യത്തില്‍ നാം ഏറെയും കടപ്പെട്ടിരിക്കുന്നത് കരകൊണ്ട് തമിഴ്‌നാടിനോട് തന്നെയാണെന്ന് വിചാരിക്കാനാണ് കൂടുതല്‍ ന്യായം.

ലക്ഷണമൊത്ത മലയാളപ്പാട്ടുമായി ‘നീലക്കുയില്‍’ വരുന്നത് 1954 ലാണ്. 50-ല്‍ ‘നല്ല തങ്ക’ വന്നെങ്കിലും ഈണങ്ങളില്‍ ‘കടത്തിന്‍റെ പാടുകള്‍’ കാണാം. നൌഷാദ് അതിനും എത്രയോ മുന്‍പ് അത്ഭുതപ്പെടുത്തുന്ന പാട്ടുകള്‍ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. മദന്‍മോഹന്‍, എസ് ഡി ബര്‍മ്മന്‍, ഹേമന്ത് കുമാര്‍, സലീല്‍ ചൌധരി തുടങ്ങിയ ‘ഭീകരന്മാര്‍’ കാലങ്ങളുടെ ആഴം മുന്‍കൂട്ടിക്കണ്ട് തുഴഞ്ഞവരാണ്! ”നമ്മുടെ ദേവരാജന്‍ മാഷ്‌” ”നമ്മുടെ ബാബുരാജ്‌ മാഷ് ”എന്നിങ്ങനെയൊക്കെ അഭിമാനിക്കാവുന്ന സ്ഥിതിവിശേഷത്തിലേക്ക് മലയാളവും ഉണര്‍ന്നെങ്കിലും അഭിവന്ദ്യരായ വിശ്വനാഥന്‍-രാമമൂര്‍ത്തി-കവിഞ്ജര്‍ കണ്ണദാസന്‍ എന്നിവര്‍ ഒരുമിച്ചും പിന്നീട് എം എസ് വിശ്വനാഥന്‍-കണ്ണദാസന്‍ എന്ന ദ്വന്ദം സ്വന്തം നിലയിലും ഒരു പരിധി വരെ എം എസ് വി ഒറ്റക്കും തമിഴ് ഭാഷക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തയ്യാറാക്കിയ ഒരു സ്പെഷ്യല്‍ ‘റെസിപ്പി’ തന്നെയാണ് കാലങ്ങളായി ‘ദക്ഷിണേന്ത്യന്‍ സിനിമാസംഗീതം’ മെലഡി എന്ന പേരില്‍ അതിന്‍റെ തീന്‍മേശമേല്‍ വിളമ്പിക്കൊണ്ടിരിക്കുന്നത് എന്ന യഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നമ്മള്‍ ഏതെങ്കിലും നിലയില്‍ നിര്‍ബന്ധിതരാവുന്നുണ്ട്!

രാഗ സത്യം, ശ്രവ്യാനുഭൂതി, കാവ്യ ഗുണം, ആലാപന മേന്മ, ചില കണക്കുകള്‍, പരീക്ഷണാത്മകത, കര്‍മ്മകുശലത, ജൈവികത, കുസൃതിത്വം, വൈകാരികത എന്നിങ്ങനെയുള്ളവ ശ്രദ്ധയോടെ വശ്യവും ആവശ്യവുമായ അളവില്‍ ഉപയോഗിച്ച് ഒടുവില്‍ ”കടവുളേ” എന്ന ഉള്‍വിളിയുടെ ഉപ്പും സമം ചേര്‍ത്ത് തയ്യാര്‍ ചെയ്തതാണ് ആ രുചി!

”അവര്‍ തുപ്പിയ എച്ചില്‍” എന്ന്‍ താനുള്‍പ്പെടുന്ന പിന്‍തലമുറയുടെ സംഗീത പാചക വിധിയെക്കുറിച്ച് ഇളയരാജ  ആത്മവിമര്‍ശനം കൊണ്ടത് ഒരു നിലയില്‍ എത്രയോ സത്യമാണ്. വേറൊരു നിലയില്‍ നോക്കിയാല്‍ പില്‍ക്കാലത്ത് ഇളയരാജക്കും പിന്നീട് റഹ്മാനും മാത്രമാണ് അതിന്‍റെ വലിയ ഒരു സ്വാധീന വലയത്തില്‍ നിന്നും അല്പമെങ്കിലും വഴി മാറിപ്പോകാന്‍ കഴിഞ്ഞത്. തങ്ങളുടെ സ്വന്തം കയ്യൊപ്പും കൂടി ചേര്‍ത്തുകൊണ്ട് അതിനെ അത്യാധുനികതയിലേക്ക് മൊഴിമാറ്റിപ്പാര്‍പ്പിക്കാന്‍ അവര്‍ക്ക് തീര്‍ച്ചയായും കഴിഞ്ഞു! രാജ്യാന്തര മാര്‍ക്കറ്റുകളില്‍ പുതിയ രൂപഭാവങ്ങളോടെ ദക്ഷിണേന്ത്യന്‍  സിനിമാഗാന വിപണി അങ്ങനെയാണ് വികസിച്ചു വന്നത്. ഇളയരാജയുടേത്‌ എത്നിക് ഫ്ലേവര്‍ കൂടുതല്‍ ഉള്ളതായതിനാല്‍ ആഗോളവത്കരണാനന്തര കാലത്ത് ക്ലാസിക്കല്‍ ഉത്പന്നങ്ങള്‍ നേരിട്ട എല്ലാ പ്രശ്നങ്ങളും അതിനെയും ബാധിച്ചു എന്നുവേണം കരുതാന്‍. റഹ്മാനാവട്ടെ തനിമ തരിമ്പും ചോര്‍ന്നു പോകാതെ തന്നെ, വിവിധ രാജ്യങ്ങളുടെ ടേയ്സ്റ്റുകളെ അതിലേക്കു ക്രിയാത്മകമായും സമര്‍ത്ഥമായും ലയിപ്പിച്ചെടുത്തുകൊണ്ട് വേറൊരു വഴിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

മലയാള ചലച്ചിത്ര ഗാനരംഗത്ത് മേല്‍ വിശേഷിപ്പിച്ച ‘രുചിക്കൂട്ടി’ന്‍റെ  സ്വാധീനം കൃത്യമായും വ്യക്തമായും കാണാം എന്നു തന്നെയാണ് നമ്മള്‍ ആവര്‍ത്തിക്കുന്നത്. നമ്മുടെ കടുത്ത ജൂക് ബോക്സ്‌ ഇഷ്ടങ്ങളെയും മറ്റു സ്വാര്‍ത്ഥതകളേയും ഒക്കെ മാറ്റി നിര്‍ത്തിക്കൊണ്ട് പരിശോധിക്കാന്‍ ശ്രമിച്ചാല്‍ അത് കണ്ടെത്തുവാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല. പ്രത്യേകിച്ചും  മൂന്നാം തലമുറയിലെ മുഴുവന്‍  സംഗീത സംവിധായകരുടെയും കാര്യം ഒന്ന്‍ എടുത്തു നോക്കിയാല്‍ മതി. രണ്ടു  വിധത്തിലാണ് അത്. ഒന്നുകില്‍ -ഇതിനു എം എസ് വി റസിപ്പിയുമായി ഒരു തരത്തിലും ബന്ധമില്ല എന്നും ഇത് തീര്‍ത്തും പുതിയതാണ് എന്നും സമര്‍ഥിക്കാന്‍ ശ്രമിച്ചുകൊണ്ട് ചെയ്യുന്നത്. (തീരെ ചരിത്ര ബോധമില്ലെങ്കിലും  ഇങ്ങനെ സംഭവിക്കാം ). അല്ലെങ്കില്‍ എം എസ് വി സ്വാധീനത്തില്‍ ഒരു തരത്തിലും പെട്ട് പോകരുത് എന്ന വാശിയോടെ സകലബുദ്ധിയും ധിഷണയും മെനക്കെട്ടു പ്രയോഗിച്ചു കൊണ്ട് ചെയ്യുന്നത്. മൌലികത എന്ന് പറയുന്ന സാധനം സ്വന്തം കയ്യില്‍ നിന്ന്‍ ഇടാന്‍ ഇല്ലാത്തതു കൊണ്ടും ഒരു പാക്കറ്റില്‍ നിന്ന്‍ എടുത്തിടാന്‍ തക്ക വിധം അത് ഒരു പ്രഖ്യാപിത മൂലകം അല്ലാത്തതുകൊണ്ടും ഇവ രണ്ടും ‘ആര്‍ക്കോ വേണ്ടി തിളയ്ക്കുന്ന ചെമ്പ് ‘ മാത്രമായിപ്പോകുന്നത് നമ്മള്‍ നിരന്തരം കാണുകയാണ്. പക്ഷെ, വിപണിയില്‍ ഇവരും (ഒരു പക്ഷെ വളരെ അധികം) പിടിച്ചു നില്‍ക്കുന്നുണ്ട്. ഏതു കള്ള മയിലെണ്ണക്കാര്‍ക്കും നാലാളെ കിട്ടാതിരിക്കില്ല എന്നത് ഒരു അങ്ങാടിവാണിഭ രഹസ്യമാകുന്നു! മീഡിയകള്‍ക്കാവട്ടെ, ഈ ശരാശരിത്തത്തെ ”കേമത്തം” എന്ന്‍ വില്‍ക്കാനും അറിയാം.

ചില ഇതിഹാസ വ്യക്തിത്വങ്ങളെ അവര്‍ ചെയ്തു വെച്ചത് എന്താണോ അതിനായ് കാലം നിയോഗിക്കുന്നതാണ്! സമ്പൂര്‍ണ്ണമായും മനോഹരമായും അത്  നിര്‍വ്വഹിച്ചു കഴിഞ്ഞ് അവര്‍ മടങ്ങിപ്പോകുന്നു! അത്ര മാത്രം! അവര്‍ക്ക് അതല്ലാത്ത ഒന്നും-രാഷ്ട്രീയം ഉള്‍പ്പെടെ – അറിയില്ല! അറിയേണ്ടതും ഇല്ലായിരിക്കാം! അത് ഒരുപക്ഷെ എല്ലാ സംഗീതജ്ഞര്‍ക്കും എല്ലാ കലാകാര്‍ക്കും ഒരുപോലെ സിദ്ധിക്കുന്ന ഒരു എക്സ്യൂസ് ആണെന്ന് കരുതുക വയ്യ!

 ‘പുറം’ലോകത്തെ ഒരു സംഭവവും അറിയാന്‍ ശ്രമിക്കാതെ എന്നാല്‍ എല്ലാ ഇലയനക്കങ്ങളും കൃത്യമായി അകത്ത് (സ്റ്റുഡിയോ) ഇരുന്ന്‍ കൊണ്ട് അറിയുകയും ഒരക്ഷരവും പുറത്തേക്ക് ഉരിയാടുന്നില്ലെങ്കിലും ഊണ്‍മേശമേല്‍  കൃത്യം പക്ഷം പിടിച്ചു വാചാലരാകുകയും ‘കാലത്തിന്‍റെ നിയമന ഉത്തരവ്’ ഇല്ലാഞ്ഞിട്ടും വരുംതലമുറയുടെ ”ലജന്റുകള്‍” ആവാന്‍ നടക്കുകയും ചെയ്യുന്ന ആരെങ്കിലും അന്തരീക്ഷത്തില്‍ ഉണ്ടെങ്കില്‍ അവരോടു നമുക്ക് വിനീതമായി  സൂചിപ്പിക്കുവാനുള്ളത്, ഇതാണ്.

”ഇനി അതിന്‍റെ അവശ്യം ഇല്ല” 

ഒരു തരത്തില്‍ പറഞ്ഞാല്‍ യുവജനോത്സവ ലളിതഗാന വേദിയിലെ  മത്സര മണം ഇപ്പോഴും മനസാ വിട്ടു പോയിട്ടില്ലാത്തതിന്‍റെ കുഴപ്പം മുച്ചൂടും ഗ്രസിച്ചു നില്‍ക്കുന്നുണ്ട് നമ്മുടെ തൊണ്ണൂറു ശതമാനം പാട്ടുകളിലും! ബാക്കി പത്തില്‍ ഒന്‍പതിനും അപകര്‍ഷതാ ബോധം! കമ്പിയില്‍ മുറുക്കെപ്പിടിച്ചു നില്‍ക്കുന്നതുകൊണ്ട് അവസാനത്തെ ഒരു ശതമാനം (മറിഞ്ഞെങ്കിലും) കായലില്‍ പോയില്ല എന്ന് പറയാം.

എന്നുവെച്ചാല്‍ പാട്ടും കഴിഞ്ഞു… കഥയും കഴിഞ്ഞു… പറച്ചിലും കഴിഞ്ഞു… ശബ്ദത്തിന്‍റെ വേറെ എന്ത് ലോകമാണ് ഇനി നമുക്ക് പുനരാവിഷ്ക്കരിക്കുവാനുള്ളത്? കടല്‍ ആണെന്നല്ലേ സംഗീതത്തെക്കുറിച്ചു പറയുന്നത്! നമ്മള്‍ കുട്ടികളും!

അങ്ങനെയിരിക്കെ നമുക്ക് ഈ മ്യൂസിക് വീഡിയോ ഒന്ന് കാണാം. ആയുസ്സില്‍  ഒരിക്കലെങ്കിലും സ്വന്തം മനസ്സിന്‍റെ  ആവിഷ്കാരം  അനാവശ്യമായ ഭൂതകാല ഭക്തി ഉപേക്ഷിച്ച്, സ്വതന്ത്രമായും ധീരമായും പ്രകടിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല എന്ന് അറിയാന്‍ വേണ്ടിയെങ്കിലും!

അതെ! ലാപ്‌ ടോപ്‌ ഓര്‍ക്കസ്ട്ര! ഒരു ചുവട് പുതിയത്!

എല്ലാം സ്നേഹം തന്നെ! എല്ലാവരോടും!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഷഹബാസ് അമന്‍

ഷഹബാസ് അമന്‍

പ്രശസ്ത ഗസല്‍ ഗായകന്‍, സംഗീത സംവിധായകന്‍. ജീവിതത്തെ തത്ത്വചിന്താപരമായി അന്വേഷിക്കുന്ന നിരവധി ആല്‍ബങ്ങള്‍ തയ്യാറാക്കിയിട്ടുള്ള ഷഹബാസ് ഓം അള്ള എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. മലപ്പുറത്ത് ജനനം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍