UPDATES

കാഴ്ചപ്പാട്

Ceritalah

കരിം റസ്ലന്‍

പ്രകൃതി ദുരന്തങ്ങള്‍; ദേശാതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള പാഠങ്ങള്‍

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കേരളം കണ്ട പ്രകൃതി ദുരന്തങ്ങള്‍ സമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒട്ടും വിഭിന്നമല്ല

ഭൂമിയുടെ ചലനങ്ങള്‍ മനസ്സിലാക്കുന്നതില്‍ നമ്മള്‍ക്ക്, കൂടുതലും കരഭാഗത്ത് ജീവിക്കുന്ന ഏഷ്യക്കാര്‍ക്ക്, കഴിയാറില്ല. ഭൗമഫലകങ്ങളുടെ ചലനങ്ങളെ കുറിച്ച്, ഞരക്കങ്ങളെ കുറിച്ച് നാമിനിയും ചിന്തിക്കാന്‍ തുടങ്ങിയിട്ടില്ല. കേരളത്തെ നടുക്കിയ മഹാപ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍തന്നെ മറ്റൊരു വെള്ളപ്പൊക്കംകൂടെ നമ്മുടെ ആവാസ വ്യവസ്ഥക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കടന്നുപോയി. ഗ്രാമങ്ങളും, പ്ലാന്റേഷന്‍ കോളനികളുമെല്ലാം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന ഹൃദയഭേദകമായ കാഴ്ചകള്‍ നാം കണ്ടു.

ഇത് കേരളത്തിലെ മാത്രം കാഴ്ചയല്ല. ഭൂമുഖത്താകമാനം പ്രകൃതി ദുരന്തങ്ങള്‍ ഗുരുതരമാംവിധം ഏറിവരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കേരളം കണ്ട പ്രകൃതി ദുരന്തങ്ങള്‍ സമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒട്ടും വിഭിന്നമല്ല. പ്രത്യേകിച്ച് ഫിലിപ്പൈന്‍സും ഇന്തോനേഷ്യയും. തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടാറുള്ള ‘റിംഗ് ഓഫ് ഫയര്‍’ എന്ന മേഖലയില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങളാണത്.

ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അവിടെ എണ്ണമറ്റ ഭൂചലനങ്ങളും, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും സുനാമികളും ഉണ്ടായിട്ടുണ്ട്. ജക്കാര്‍ത്തയിലുള്ള എന്റെ ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ ഭൂകമ്പമുണ്ടായാല്‍ ബഹുനില കെട്ടിടത്തില്‍ കുടുങ്ങി പോകുമെന്ന് ഭയന്ന് താഴത്തെ നിലയാണ് തിരഞ്ഞെടുത്തത്. ഏതു നിമിഷവും ഒരു ദുരന്തം പ്രതീക്ഷിക്കേണ്ട അവസ്ഥ. നിരന്തരം പ്രകൃതിക്ഷോഭങ്ങളോട് പൊരുതി അതിജീവിച്ച് ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ പാടുപെടുന്ന സാധാരണക്കാരുടെ കഥകളാണ് എന്റെ നോട്ട്ബുക്കുകളില്‍ നിറഞ്ഞിരിക്കുന്നത്. ഓരോ സമയത്തും അവര്‍ അനുഭവിക്കുന്ന കടുത്ത ഭയവും നിസ്സഹായതയും ഒഴികെ ബാക്കിയെല്ലാ അനുഭവങ്ങളും വ്യത്യസ്തമാണ്.

ചിലപ്പോഴൊക്കെ പ്രകൃതി മനുഷ്യരെയിട്ട് തട്ടിക്കളിക്കുകയാണെന്ന് തോന്നും. ഉദാഹരണത്തിന്, 2006-ല്‍ ഇന്തോനേഷ്യയിലെ ഗുനുങ് മെറാപ്പി അഗ്‌നിപര്‍വ്വതം ഏതുനിമിഷവും പൊട്ടിത്തെറിക്കുമെന്ന ഭീഷണി ഉണ്ടായിരുന്നു. അതിനിടയിലാണ് പെട്ടന്നൊരു ഭൂചലനമുണ്ടായത്. തെക്ക് ഭാഗത്തുള്ള യോഗകാര്‍ത്ത സിറ്റിയടക്കം ചെറുതായൊന്നു പിടഞ്ഞു. 5000 ത്തിലധികം ആളുകള്‍ തല്‍ക്ഷണം മരണപ്പെട്ടു. ഏകദേശം 340,000 ആളുകളാണ് ഭവനരഹിതരായത്.

ഈ വര്‍ഷവും സമാനമായൊരു സംഭവമുണ്ടായി. ബാലിയിലെ മൗണ്ട് അഗ്യുംഗ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളും ഫാമുകളും നാമാവശേഷമായി. അയല്‍ ദ്വീപായ ലോംബോക്കിലേക്ക് മുഴുവന്‍ ശക്തിയും ആവാഹിച്ചുകൊണ്ട് ഇരച്ചെത്തിയ ലാവാപ്രാവഹത്തില്‍ 564 കര്‍ഷകരുടെ ജീവനാണ് പൊലിഞ്ഞുപോയത്. അങ്ങിനെ വീണ്ടും റിംഗ് ഓഫ് ഫയര്‍ നമ്മെ അത്ഭുതപ്പെടുത്തി.

ഇന്തോനേഷ്യയില്‍ 2004-ലുണ്ടായ ലോക ജനതയെ നടുക്കിയ സുനാമിയെ അതിജീവിച്ച ഒരാള്‍ ഭീതിജനകമായ ആ അവസ്ഥയെകുറിച്ചും സ്വന്തം മകളെ നഷ്ടപ്പെട്ടതിനെ കുറിച്ചും എന്നോട് പറഞ്ഞിരുന്നു. 2006-ല്‍ യോഗകാര്‍ട്ടയിലെ ബന്തുളില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. ഭൂമി തന്നെ ഒരു തിരപോലെ ആടിയുലഞ്ഞതിനെ കുറിച്ച് അതിനെ അതിജീവിച്ച കര്‍ഷകരും ഒരുപാട് പറഞ്ഞിരുന്നു. അത്തരം ഭയാനകമായ കഥകള്‍ തന്നെയാണ് വയനാട്ടിലേയും കോഴിക്കോട്ടേയും ജനങ്ങള്‍ക്കും പറയാനുള്ളത് എന്നത് ആശങ്കാജനകമാണ്.

ഈ കഴിഞ്ഞ മാസം മാത്രം ആമസോണില്‍ വന്‍ കാട്ടുതീയും, ഇന്ത്യയുടെ മൂന്നിലൊന്ന് പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും, ഇന്തോനേഷ്യയില്‍ രണ്ട് വ്യത്യസ്ത ഭൂകമ്പങ്ങളും ഉണ്ടായിട്ടുണ്ട്. മനുഷ്യര്‍ പ്രകൃതിയെ ചൂഷണം ചെയ്യുംതോറും പ്രകൃതിയും തിരിച്ചടിക്കും. താപനില കുതിച്ചുയരും. ആവാസവ്യവസ്ഥ തകരും.

എങ്കിലും ചിലപ്പോഴൊക്കെ അത്തരം ദുരന്തങ്ങളും അനുഗ്രഹമായി വരാം. നാലു വര്‍ഷം മുമ്പാണ് ഗുനുങ് കെലുഡ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവയ്ക്ക് മുകളിലുള്ള ആകാശത്തേക്ക് അത് 160 ദശലക്ഷം ഘനമീറ്റര്‍ പോഷക സമ്പുഷ്ടമായ ചാരം വിതറി. തല്‍ഫലമായി വിമാനത്താവളങ്ങളെല്ലാം ആഴ്ചകളോളം അടച്ചിടേണ്ടി വന്നിരുന്നു. പക്ഷെ, അതിനുശേഷം വളക്കൂറുള്ള മണ്ണായി ആ പ്രദേശം മാറി ധാരാളമായി വിളവെടുക്കാനും സാധിച്ചു. എന്റെകൂടെ പ്രാക്റ്റികല്‍ ട്രെയിനിംഗിനായി ദെസ്ത്യ ദര്‍മ്മവാന്‍ എന്നൊരു കുട്ടി ഉണ്ടായിരുന്നു. ജാവക്കടുത്തുള്ള കെദിരിയിലാണ് അവര്‍ താമസിക്കുന്നത്. ഗുനുങ് കെലുഡ് പൊട്ടിത്തെറിച്ച് ഇരച്ചെത്തിയ ചാരം അവരുടെ പൈനാപ്പിള്‍ തൊട്ടങ്ങളെ ആകെ മൂടിയിരുന്നു. ആ വര്‍ഷം അവര്‍ക്ക് അസാധാരണമാംവിധം 50% കൂടുതല്‍ വിളവാണ് ലഭിച്ചത്.

കേരളത്തിലേയും സ്ഥിതി സമാനമാണ്. കനത്ത കാലവര്‍ഷമാണ് ദക്ഷിണേഷ്യയിലെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലൊന്നാക്കി കേരളത്തെ മാറ്റുന്നത്. അപ്പോഴും വിനാശകരമായ രണ്ട് വെള്ളപ്പൊക്കവും ഉണ്ടായി. ഇതിനെയാണോ പ്രകൃതിയുടെ ക്രൂരമായ തമാശയെന്നു വിളിക്കുന്നത്?

എന്നാല്‍ പ്രകൃതിദുരന്തങ്ങളുമായി നമ്മള്‍ ഏറെ സമരസപ്പെടുന്നുവെന്നതിന്റെ അര്‍ത്ഥം അതിന്റെ ഭാഗമായി ഉണ്ടാകുന്ന ജീവഹാനിയോ, വൈകല്യങ്ങളോ, സമ്പാദ്യ നഷ്ടമോയൊന്നും സ്വീകരിക്കാന്‍ എളുപ്പമാണ് എന്നല്ല. അടുത്ത പൊട്ടിത്തെറിയെ അതിജീവിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും ഉറപ്പുമില്ല. ഇവിടെ പ്രകൃതിയുടെ സ്വാഭാവികത വീണ്ടെടുക്കാനുള്ള പരിശ്രമമാണ് ആവശ്യം.

അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളിലും ദീര്‍ഘകാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കേരളം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. നിര്‍ണായക നിമിഷങ്ങളില്‍ അതിര്‍ത്തികളോ രാഷ്ട്രീയമോ നമ്മെ ഭിന്നിപ്പിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. 2018 ഒക്ടോബറില്‍ ഇന്തോനേഷ്യയിലെ സുലവേസിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 832 പേരാണ് കൊല്ലപ്പെട്ടത്. അപ്പോള്‍ അന്താരാഷ്ട്ര സഹായവും ദുരിതാശ്വാസവും ഉറപ്പുവരുത്തുന്നതിനായിരുന്നു സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരുന്നത്.

സമാനമായി ഹയാന്‍ ചുഴലിക്കാറ്റില്‍ 6,000 പേര്‍ മരിക്കുകയും 1,700 പേരെ കാണാതാവുകയും ചെയ്തപ്പോള്‍ ദേശീയ അന്തസ്സിനേക്കാളും സ്വാശ്രയത്വ അവകാശവാദങ്ങളേക്കാളും പ്രധാനം തങ്ങളുടെ ജനങ്ങളുടെ ജീവിതമാണെന്ന് ഫിലിപ്പൈന്‍ സര്‍ക്കാറിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ഈ പ്രായോഗികതയാണ് പ്രധാനം.

പ്രതിസന്ധി ഘട്ടങ്ങളില്‍ നാം ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. ഒപ്പം നമ്മുടെ സ്വാഭാവിക പൈതൃകത്തെ സംരക്ഷിക്കുകയും ചെയ്യുകയും വേണം. പ്ലാച്ചിമട മുതല്‍ വയനാട്ടിലെ വിവിധ ആദിവാസി പോരാട്ടങ്ങള്‍ തുടങ്ങി സൈലന്റ് വാലി സമരം വരെ നാമത് ചെയ്തതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കരിം റസ്ലന്‍

ഒരു കഥ പറച്ചിലുകാരന്‍. കഴിഞ്ഞ 20 വര്‍ഷമായി തെക്ക് കിഴക്കന്‍ ഏഷ്യയിലും അയല്‍രാജ്യങ്ങളിലും സഞ്ചരിച്ച് കഥകള്‍ പറയുന്നു. കോളത്തിന്റെ പേരായ Ceritalah ഒരു സംസ്കൃത വാക്കാണ്. ഒരു കഥ പറയൂ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. നമ്മുടെ ഭൂപ്രദേശത്തെ ജനങ്ങളുടെ , വിവിധ സ്ഥലങ്ങളുടെ, പ്രശ്നങ്ങളുടെ കഥകളാണ് ഈ കോളത്തിലൂടെ അവതരിപ്പിക്കുന്നത് . കേംബ്രിജ് സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ കരിം മലേഷ്യ സ്വദേശിയാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍