UPDATES

സി ജെ പാറപ്പുറത്ത്

കാഴ്ചപ്പാട്

മതവും ചിന്തയും

സി ജെ പാറപ്പുറത്ത്

ട്രെന്‍ഡിങ്ങ്

രാജാവും പുരോഹിതനും കച്ചവടക്കാരനും ഒന്നിക്കുന്ന ചതിയുടെ കമ്പോളങ്ങള്‍

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാന ശ്രമം എല്ലാ കാലഘട്ടത്തിലും ഒന്നുതന്നെയാണ്; മനുഷ്യന്റെ ചിന്തയെ സ്വാധീനിക്കുകയും അടിമപ്പെടുത്തുകയും ചെയ്യുക.

കമ്പോളമൂല്യങ്ങള്‍ മതത്തിന്റെയും ചിന്തയുടെയും ഗതിഭേദങ്ങളെ തീരുമാനിക്കുന്ന ഉത്തരാധുനികതയില്‍ മതചിന്തകളെപ്പറ്റി ഒരു പംക്തി ആരംഭിക്കുന്നു എന്നതിന്റെ സാംഗത്യം ചിലരിലെങ്കിലും സംശയങ്ങള്‍ ജനിപ്പിക്കാം.

‘മതവും ചിന്തയും’ മതചിന്തകളെപ്പറ്റിയുള്ള ഒരു പംക്തി അല്ല. മറിച്ച് മതം ചിന്തകളിലും ചിന്ത മതങ്ങളിലും വരുത്തിക്കൊണ്ടിരിക്കുന്ന സാര്‍വ്വത്രികവും നിരന്തരവുമായ പരിണാമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഏല്‍പ്പിക്കുന്ന ഗുണദോഷങ്ങളുടെ വിചിന്തനമായണതിനെ മനസ്സിലാക്കേണ്ടത്.

എല്ലാ മൂല്യചിന്തകളുടേയും, ശാസ്ത്രസാങ്കേതിക വിദ്യകളുടേയും അടിസ്ഥാനം മതം ആണെന്ന ചാവേര്‍ തീരുമാനങ്ങള്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍ ചിന്തയുടെയും അടിസ്ഥാനം മതമാണെന്ന കമ്പോള താല്പര്യത്തിലേക്കു സമൂഹം സ്വഭാവികമായും നയിക്കപ്പെടാം. അത്തരം ചിന്തകളുടെ അര്‍ത്ഥശൂന്യതയും അശ്ലീലതയുമാണ് ഈ പംക്തിയുടെ ചിന്താവിഷയമായികാണുന്നത്.

ചരിത്രാരംഭം മുതല്‍ മതം മനുഷ്യചിന്തകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നത് എല്ലാ മതങ്ങളും തര്‍ക്കമെന്യേ അംഗീകരിക്കുന്ന സത്യമാണ്. മതങ്ങള്‍ നിലനില്‍ക്കുന്നത് ചിന്തകളെയും സംസ്‌കാരങ്ങളെയും സ്വാധീനിക്കുന്നതിനും, അതുവഴി മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതിനുമാണ്. നന്മയിലേക്കുള്ള ഈ വഴിതുറക്കല്‍ സത്യത്തില്‍ സംഭവിക്കുന്നത് വ്യക്തികളിലൂടെയാണ്.

വ്യക്തികളാണ് മതത്തിന്റെ ചിന്താപദ്ധതികളിലേക്കു ആകൃഷ്ടരാകുന്നതും അതു സ്വന്തം സമൂഹത്തിലേക്കും സംസ്‌കാരത്തിലേക്കും വിളമ്പി ഊട്ടുന്നതും. ചിന്തകളെയും സംസ്‌കാരങ്ങളെയും പു:നര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന ഈ പ്രക്രിയ തലമുറകളിലൂടെ മതം കൈമാറുമ്പോള്‍ പുതിയ സംസ്‌കാരത്തിനും ചിന്തകള്‍ക്കും സമൂഹത്തില്‍ അടിവേരുകള്‍ നല്കപ്പെടുന്നു.

മതവും രാഷ്ട്രീയവും ഒന്നായി നിന്ന് അധികാരങ്ങള്‍ക്കുവേണ്ടി പടയോട്ടങ്ങള്‍ നടത്തുമ്പോള്‍ മരണത്തിന്റെയും രക്തത്തിന്റെയും മണമുള്ള സാംസ്‌കാരിക കൈയ്യേറ്റങ്ങള്‍ നാം കാണുന്നു. മതവും സംസ്‌കാരവും അഭിന്നമായി നിന്ന മദ്ധ്യകാലഘട്ടത്തില്‍ രാജാവിന്റെ (രാഷ്ട്രീയനേതാവിന്റെ) നിലനില്‍പുതന്നെ മതനേതൃത്വത്തിന്റെ തണലിലാകുന്നത് നാം കാണുന്നു. പിന്നെ എന്ത് ചിന്തിക്കണമെന്നതും, ചിന്തയെ എങ്ങനെ അവതരിപ്പിക്കണമെന്നതും മതത്തിന്റെ തീരുമാനമാകുന്നു. മതത്തിന്റെ ഇഷ്ടാനിഷ്ടങ്ങളിലൂടെയും, ശുദ്ധാശുദ്ധികളിലൂടെയും അല്ലാതെ ഒന്നും വ്യാഖ്യാനിക്കപ്പെടുന്നില്ല. അവിടെ രാഷ്ട്രീയം പലപ്പോഴും മതത്തിന്റെ ചെപ്പടി വിദ്യക്കാരന്‍ മാത്രമായി മാറുന്നു.

ലോകചരിത്രത്തിന്റെ അധികാരപോരാട്ടങ്ങളുടെ എല്ലാ താളുകളിലും മതത്തെ നാം കണ്ടെത്തുന്നു-പലപ്പോഴും തേരാളിയായും, ചിലപ്പോഴെങ്കിലും പോരാളിയായും.

മതവും രാഷ്ട്രീയവും തമ്മിലുള്ള ഈ അവിശുദ്ധബന്ധത്തിനെതിരായുള്ള ശബ്ദത്തിന്റെ വ്യക്തത ചരിത്രത്തില്‍ നാം കാണുന്നത് ഫ്രഞ്ചുവിപ്ലവത്തിന്റെ അവസാനത്തിലാണ്. അവിടെ മതവും രാഷ്ട്രീയവും രണ്ടായി നിലനില്‍ക്കുന്നതാണ് ആധുനികത എന്നു തത്വത്തില്‍ അംഗീകരിക്കപ്പെടുന്നു. എങ്കിലും ഇന്നും മതം രാഷ്ട്രീയത്തിലും, രാഷ്ട്രീയം മതത്തിലും സ്വാധീനം ചെലുത്തിക്കൊണ്ടേയിരിക്കുന്നു.

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാന ശ്രമം എല്ലാ കാലഘട്ടത്തിലും ഒന്നുതന്നെയാണ്; മനുഷ്യന്റെ ചിന്തയെ സ്വാധീനിക്കുകയും അടിമപ്പെടുത്തുകയും ചെയ്യുക. ഇരുകൂട്ടരും ഇതിനായെടുക്കുന്ന വഴിയും ഒന്നു തന്നെയാണ്- അധികാരവും ഭീഷണിയും. അധികാരത്തില്‍ നിന്നുയരുന്ന സ്വയം പ്രഖ്യാപിത നിയമങ്ങളും, ആ നിയമങ്ങളുടെ ലംഘനത്തിനുള്ള ശിക്ഷകളുടെ ഭീഷണികളും വഴി അവര്‍ ഒരുപോലെ ചിന്തയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടു തന്നെയാണ് രാഷ്ട്രീയ പോരാട്ടങ്ങളുടെ ലോകചരിത്രം മതങ്ങളെ മാറ്റി നിര്‍ത്തി നമുക്ക് കാണാനാകാത്തത്; മറിച്ചും.

മതനിരപേക്ഷമായിരിക്കണം രാഷ്ട്രങ്ങള്‍ എന്ന പുതിയ ചിന്ത പടര്‍ന്നു പിടിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ സാമ്രാജ്യങ്ങള്‍ തകര്‍ന്നു വീഴുന്നതും കോളനികള്‍ ഇല്ലാതാകുന്നതും നാം കാണുന്നു. അതോടുകൂടി മതവും രാഷ്ട്രീയവും വ്യതിരിക്തമായ സാന്ധാരണ വഴികള്‍ തേടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. എങ്കിലും ചിന്തയെ സ്വാധീനിക്കുക എന്ന അടിസ്ഥാന നിലപാടില്‍ നിന്ന് മതത്തിനോ രാഷ്ട്രീയത്തിനോ മാറി നില്‍കാനാകുന്നില്ല. അവിടെയാണ് മതവും രാഷ്ട്രീയവും ആശ്ലേഷണത്തിന്റെ നവീന ഗേഹങ്ങള്‍ അന്വേഷിക്കുന്നത്.

ചിന്തയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നൊരു മൂന്നാം കക്ഷി രംഗപ്രവേശം ചെയ്യുന്നത് വ്യവസായികവല്‍ക്കരണത്തോടെയാണ്. അതോടെ മതം-രാഷ്ട്രീയം-കമ്പോളം എന്ന ത്രിമൂര്‍ത്തികളുടെ സഞ്ചാരപഥങ്ങള്‍ പൂതിയ സങ്കീര്‍ണ്ണതകളിലേക്കു കൂപ്പുകുത്തുന്നു. കമ്പോളത്തി ന്റെ കണ്ണിലൂടെ മതത്തെയും രാഷ്ട്രീയത്തെയും വീക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നൊരു പുതിയ ചിന്ത ജനിക്കുന്നു.

‘മൂലധന’ത്തിന്റെ നിഴലുകളില്‍ മതം മനുഷ്യനെ മയക്കുന്ന കറുപ്പും രാഷ്ട്രീയം പട്ടിണിക്കാരനെ ചവിട്ടിമെതിക്കുന്ന പീഡകനുമാകുന്നു. രക്തപ്പുഴകള്‍, വിപ്ലവങ്ങള്‍, ഭരണമാറ്റങ്ങള്‍ എല്ലാറ്റിനുമൊടുവില്‍ കമ്പോളം മതത്തെയും രാഷ്ട്രീയത്തെയും നിയന്ത്രിക്കുന്ന ഉത്തരാധുനികതയില്‍ നാം തലകീഴായി നില്‍ക്കുന്നു.

പുതിയൊരു മൂല്യബോധം പിറവിയെടുക്കുന്നു. അവിടെ, മതത്തിനും രാഷ്ട്രീയത്തിനുമുള്‍പ്പെടെ, എല്ലാവരുടെയും ആത്യന്തികമൂല്യം ലാഭേച്ഛയാകുന്നു. എന്തു കര്‍മ്മത്തിന്റെയും അര്‍ത്ഥവും വ്യാപ്തിയും കമ്പോളം തീരുമാനിക്കുന്നു; പള്ളികളും ക്ഷേത്രങ്ങളും സ്വയം പര്യാപ്തതയ്ക്കുവേണ്ടി കര്‍മ്മപദ്ധതികള്‍ ഒരുക്കുന്നു. ഭൂസ്വത്തുക്കളും കര്‍മ്മശേഷിയും എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നും ലാഭകരമായി ഉപയോഗിക്കാമെന്നും ചിന്തിക്കുന്നു. ലാഭം എന്നത് മാത്രം എല്ലാവരുടെയും ചിന്തയുടെ കാതലാകുന്നു. മനുഷ്യനന്മ, സഹജീവിസ്‌നേഹം എന്നതൊക്കെ കാലഹരണപ്പെട്ടവന്റെ മൂല്യബോധമായി പുച്ഛിക്കപ്പെടുന്നു.

കമ്പോളചിന്ത സ്വാധീനിക്കാന്‍ തുടങ്ങുമ്പോള്‍ പുരുഷനും സ്ത്രീയും സര്‍വ്വചരാചരങ്ങളും കമ്പോളചരക്കുകള്‍ മാത്രമായി മാറുന്നു. സര്‍വ്വവ്യാപി, ശക്തിയുള്ളവന്‍ എന്നതിനൊ ക്കെ അര്‍ഥം കമ്പോളത്തെ നിയന്ത്രിക്കാന്‍ ശേഷിയുള്ളവന്‍ എന്നായിത്തീരൂന്നു. മതവും രാഷ്ട്രീയവും ഈ പുതിയ ശക്തിമാനെ രഹസ്യമായി ആരാധിക്കാന്‍ തുടങ്ങുന്നു; കാരണം കമ്പോളമില്ലാതെ ആര്‍ക്കും നിലനില്പില്ല.

ഇവിടെ മതം, രാഷ്ട്രീയം, കമ്പോളം എല്ലാം ഒന്നാകുന്നു. ഭാഷയും സംസ്‌കാരവും കലയും എന്നുവേണ്ട കാണപ്പെടുന്നതെല്ലാം ഈ ത്രിമൂര്‍ത്തികളുടെ കാന്തവലയങ്ങള്‍ക്കുള്ളിലാണ്. അവിടെയാണ് രാജാവും, പുരോഹിതനും, കച്ചവടക്കാരനും ഒന്നിക്കുന്ന ചതിയുടെ കമ്പോളം സൃഷ്ടിക്കപ്പെടുന്നത്. ജനസമൂഹത്തിന്റെ കേവലം പത്ത് ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഈ ശക്തികള്‍ ഒരുമിക്കുമ്പോള്‍ ചിന്തയുടെ താളങ്ങള്‍ പോലും സാമാന്യജനത്തിന് നഷ്ടമാകുന്നു. അത്തരം നഷ്ടതാളങ്ങളെപ്പറ്റിയാണ് എന്റെ ആവലാതികള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സി ജെ പാറപ്പുറത്ത്

സി ജെ പാറപ്പുറത്ത്

കൊല്ലം സ്വദേശി. ആലുവ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്ര പഠനം നടത്തി. ബാങ്കോക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസില്‍ 30 വര്‍ഷക്കാലം ജോലി ചെയ്തു. ഇപ്പോള്‍ UCAN ഇന്ത്യന്‍ മേധാവി.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍