UPDATES

ഷഹബാസ് അമന്‍

കാഴ്ചപ്പാട്

ഷഹബാസ് അമന്‍

ന്യൂസ് അപ്ഡേറ്റ്സ്

പണ്ഡിറ്റ് വെങ്കിടേഷ് കുമാര്‍ പാടുന്നു

തുരുതുരെ പത്തു കൊല്ലം ഇവിടെ ആരും ഭരിച്ചിട്ടില്ല! പുതിയ ചരിത്രമൊക്കെ ഇനി ഉണ്ടായിട്ട് വേണം. അതിനുള്ള ലക്ഷണമൊന്നും കാണുന്നുമില്ല. ഒറ്റക്കാര്യം മാത്രം പറഞ്ഞ് വേഗം അവസാനിപ്പിക്കാം. അതായത്, പേരിന്‍റെ കൂടെ മേ(മ്ലേച്ച)ത്തരം ജാതിത്തുമ്പ്  ഘടിപ്പിച്ചാല്‍ ആവശ്യത്തിലേറെ  ബഹുമാനം കിട്ടും എന്ന് അങ്ങനെ ചെയ്യുന്ന ഒരാള്‍ക്ക് ഇപ്പോഴും ഉറപ്പുള്ള ഒരു നാട്ടില്‍ പൊടുന്നനേ  എന്ത് മാറ്റം വരും എന്നാണ് നമ്മള്‍ കരുതേണ്ടത്? പാര്‍വ്വതി എന്ന പേരിനോടൊപ്പമുള്ള  മേനോന്‍ എന്ന ”ഉയര്‍ന്ന പദവി” തനിക്ക് ഇനി വേണ്ട എന്ന്‍ ഒരു ആക്ടര്‍ തീരുമാനിച്ചത് കവര്‍സ്റ്റോറി ആയ നാടാണിത്. അതായത് ജാതി, തൊലി നിറം എന്നിവയൊക്കെ 2016 ആയിട്ടും കൊടി അഞ്ചും കുത്തി വാഴുകയാണ് എന്നര്‍ത്ഥം. അതിന്‍റെ മുന ഒന്ന്‍  ഒടിക്കാന്‍ നമ്മളെക്കൊണ്ട് ഇതുവരെ  കഴിഞ്ഞിട്ടില്ല. മുന്‍ഗാമികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോള്‍ത്തന്നെ വാലുപേക്ഷിച്ചവരില്‍ അവര്‍ എത്ര പേര്‍ എന്നതും അവരുടെ വാല്‍ ഉപയോഗിക്കാതിരുന്നവരില്‍ നമ്മളില്‍ എത്ര പേര്‍ എന്നതും ഉത്തരം അവ്യക്തമായ ചോദ്യം തന്നെയാണ്; ഇപ്പോഴും. 

സ്ത്രീ പ്രശ്നങ്ങള്‍- സദാചാര പോലീസിംഗ്- പലതരം അധികാര  ദുര്‍വിനിയോഗങ്ങള്‍, അസുതാര്യ നിയമ നിര്‍മ്മാണ ഭരണ നിര്‍വ്വഹണങ്ങള്‍, സാമ്പത്തിക അക്രമത്വം, അനീതി-അഴിമതി, മറ്റു കായികബലാക്രമങ്ങള്‍ അതൊക്കെ  അങ്ങനെത്തന്നെ കിടക്കുകയാണ്. തരിമ്പും പരിഹരിക്കപ്പെടാതെ. മാറില്ല/മാറ്റാന്‍ സമ്മതിക്കില്ല എന്ന് വാശിപിടിക്കുന്ന അത്തരം കാര്യങ്ങളുടെ മുകളിലേക്കാണ് വാസ്തവത്തില്‍ നമ്മുടെ പ്രവര്‍ത്തനോര്‍ജ്ജത്തെ കോപ്പി-പേസ്റ്റ് ചെയ്യേണ്ടത്. ആരോഗ്യവും ബുദ്ധിയും ക്ഷമയും കൂടുതല്‍ ചെലവഴിക്കേണ്ടത്. ആ വിഷയങ്ങളിലൊക്കെ (ദീര്‍ഘകാലത്തേക്കോ അല്ലെങ്കില്‍ യുദ്ധകാല അടിസ്ഥാനത്തിലെങ്കിലുമോ) രണ്ടും കല്‍പ്പിച്ച് പണിയെടുക്കാനും അതിന്മേല്‍ സ്വന്തം തല പൊട്ടിക്കാനും ചോരയൊലിക്കുംവരെ-ക്ഷമിക്കണം-വിജയം കാണുംവരെ (ആയിരക്കണക്കായ ആളുകള്‍ [മിനിമം] പേരിലെ ജാതിത്തുമ്പും/പൊതു ധാര്‍ഷ്ട്യ മനോഭാവവും മാറ്റുന്ന അവസ്ഥയെങ്കിലും സംജാതമാകല്‍) മടുക്കാതെ സമരമുഖത്ത്‌ നില്‍ക്കാനും  ആരുണ്ട് എന്നതാണ് നമ്മള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ  ചോദ്യം!

ഒരു നിലയില്‍ അത് സൂക്ഷ്മതയോടെയും ക്ഷമയോടെയും സ്നേഹത്തോടെയും ചെയ്യേണ്ട ഒരു കാര്യം കൂടിയാണ്. മറിച്ച്, മാറും എന്ന് ഉറപ്പുള്ള/മാറിയ ചരിത്രം മാത്രമുള്ള ഒന്നിനെ വലിച്ചു താഴെയിടാനാണ് നമ്മുടെ ഒടുക്കത്തെ ആവേശം. നല്ല കാര്യം തന്നെ. കായികമായി പരിക്കേല്‍ക്കുന്ന ഒരു സമരത്തിന്റെയും ആത്മാര്‍ഥതയെ ഇവിടെ ചോദ്യം ചെയ്യുന്നില്ല. ശാരീരികമായി മുന്നിട്ടിറങ്ങല്‍ തരിമ്പും ഈസിയല്ല എന്നും അറിയാം. എങ്കിലും മെയിന്‍ എഞ്ചിനില്‍ മാറ്റം വരുത്താതെ സ്റ്റെപ്പിനി ടയര്‍ മാറ്റിക്കളിക്കുന്ന ഈ ‘ഉപായം കൊണ്ട് ഓട്ട അടക്കല്‍’ വിദ്യ കൂടി ചേര്‍ന്നുകൊണ്ടാണ് ഇവിടെ  ഫാഷിസത്തിനുള്ള റോഡുകള്‍ വെട്ടിയുണ്ടാക്കിയത്. ഫാഷിസം ആരുടെയും കുത്തകയൊന്നുമല്ല. വണ്ടി തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ആര്‍ക്കും കൂടാം എന്നത് ഒരു സ്ഥിരപരിഹാരവും അല്ല. ഒരര്‍ഥത്തില്‍ അത് ഒരു മോശം ജനാധിപത്യബോധം കൂടിയാണ് എന്ന്‍ പറയാം. മാറുന്ന മദ്യനയങ്ങളും പുതുക്കുന്ന ഗതാഗതപ്പണികളും ഉയരുന്ന മാളുകളും സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗ തസ്തികകളും ആണ് തള്ളാന്‍ കൂടിയവര്‍ക്കുള്ള പൊതുവായ കൂലി. കുട്ടിക്കാലത്ത് നബിദിന റാലി കഴിഞ്ഞാല്‍ ‘അവുലും വെള്ളം’ കിട്ടുമായിരുന്നു എന്ന പോലെ! 

അങ്ങനെയിരിക്കെ പണ്ഡിറ്റ് വെങ്കിടേഷ് കുമാര്‍ പാടുന്നു! ജാതി-മത-തൊലിനിറ-വേഷ-ഭൂഷ-അഭ്യാസ -അന്തരീക്ഷം സൃഷ്ടിക്കലുകള്‍ക്ക് പേരുകേട്ട ഇന്ത്യയില്‍ അതീവലാളിത്യം നിറഞ്ഞ, ആദരണീയനായ ഈ അതിഗംഭീര ഗായകന്‍ മാസ്റ്റേഴ്സിന്‍റെ കൂടെ ഒന്നാം സ്ഥാനത്ത് പലപ്പോഴും  പരാമര്‍ശിക്കപ്പെടാഞ്ഞത് എന്തുകൊണ്ട് എന്ന്‍ ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.

നമ്മുടെ എല്ലാത്തരം ഗുണ്ടായിസങ്ങളും എല്ലാ ഇനം ഗിമ്മിക്കുകളും അടിസ്ഥാനപ്രശ്നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.

ഇതെഴുതുന്ന ആളടക്കം; അങ്ങനെ ചെയ്യുന്ന എല്ലാവരോടും എന്നിട്ടും സ്നേഹം!

(പണ്ഡിറ്റ് എം വെങ്കിടേഷ് കുമാര്‍ വടക്കന്‍ കര്‍ണ്ണാടകയിലെ ധാര്‍വാഡ് മേഖലയിലെ ലക്ഷ്മിപുരത്ത് ജനിച്ചു. നാടോടി ഗായകനും പാവകളി കലാകാരനുമാണ് വെങ്കിടേഷ് കുമാറിന്റെ പിതാവ് ഹുലെപ്പ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഷഹബാസ് അമന്‍

ഷഹബാസ് അമന്‍

പ്രശസ്ത ഗസല്‍ ഗായകന്‍, സംഗീത സംവിധായകന്‍. ജീവിതത്തെ തത്ത്വചിന്താപരമായി അന്വേഷിക്കുന്ന നിരവധി ആല്‍ബങ്ങള്‍ തയ്യാറാക്കിയിട്ടുള്ള ഷഹബാസ് ഓം അള്ള എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. മലപ്പുറത്ത് ജനനം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍