UPDATES

ഷഹബാസ് അമന്‍

കാഴ്ചപ്പാട്

ഷഹബാസ് അമന്‍

ന്യൂസ് അപ്ഡേറ്റ്സ്

പ്രണയദിനം, ലിലിത്ത്, കൊഞ്ച ബുയ്ക്ക

എന്തുകൊണ്ടാണ് പ്രഖ്യാപിത മതങ്ങള്‍ ഒരു ദിവസമെങ്കിലും ഒരു ദിവസം ‘പ്രണയദിനം’ ആയി ആഘോഷിക്കാന്‍ തയ്യാറാവാത്തത്? മതങ്ങള്‍ അങ്ങനെ ചെയ്താല്‍ കോടാനുകോടി വരുന്ന അതിന്റെ ആരാധകര്‍ ഒരു ദിവസമെങ്കിലും ഒരു ദിവസം പ്രണയം എന്താണെന്ന് അറിയാന്‍ ശ്രമിക്കും! പ്രവാചകന്മാര്‍ പ്രേമിച്ചിരുന്നോ എന്നു പുസ്തകങ്ങളില്‍ തിരയും. അവര്‍ മുന്തിരിത്തോപ്പുകളില്‍ രാപ്പാര്‍ത്തിരുന്നോ എന്ന് അന്വേഷിക്കും! അവര്‍ പ്രണയ കവിതകള്‍ ഇഷ്ടപ്പെട്ടിരുന്നോ, അല്ല കവികളെ കണ്ടാല്‍ കൊല്ലണമെന്നായിരുന്നോ ഉത്തരവിട്ടിരുന്നതെന്ന് പുരോഹിതരോട് ചോദിക്കും. അവര്‍ പ്രണയഗാനങ്ങള്‍ പാടുകയോ കേള്‍ക്കുകയോ ചെയ്തിരുന്നുവോ, അല്ല ഗായകരെ കണ്ടാല്‍ ശപിക്കണമെന്നു മൊഴിഞ്ഞിരുന്നുവോ എന്നറിയാന്‍ ഒരു വേളയെങ്കിലും ജിജ്ഞാസപ്പെടും. സൗന്ദര്യം അവരുടെ ഉറക്കം കെടുത്താതിരുന്നതോ, അല്ല അതിന്മേല്‍ സംയമനം പാലിച്ചിരുന്നതോ എന്ന് നഖം കടിക്കും! അങ്ങനെയങ്ങനെ എന്തൊക്കെയോ ചിന്തിക്കും. എവിടെയൊക്കെയോ പോയ് വരും മനസ്സ്; ചിലത് വന്നില്ലെന്ന് വരാം. എന്നാലും പോവാതിരിക്കില്ല.

ഒരു പ്രവാചക നാമത്തിലും മതങ്ങള്‍ പ്രഖ്യാപിച്ചു കേട്ടിട്ടില്ല, ഇഷ്‌കിന്റെ ഒരു ദിനം! അവിടെയെത്തുമ്പോള്‍ പ്രകോപനം തുടങ്ങുകയായി! അഴിഞ്ഞാട്ടമാണോ ”ഹുബ്ബ്” എന്ന് ചോദിക്കും. കട്ടന്‍ചായയും റൂമിക്കവിതയും ”മുഹബ്ബത്ത്” ഇട്ടുകൊണ്ട് വരും! എന്തിനധികം, കൃഷ്ണന്റെ പേരില്‍ പോലും ഇല്ലല്ലോ അങ്ങനെയൊരു ദിനമെന്നു നമ്മള്‍ കളംമാറും! അപ്പോള്‍ അവിടെയും വിധം മാറും! രഥം കൊണ്ടുവരും. ഗീത കൊണ്ട് വരും. പാര്‍ഥസാരഥിയെക്കൊണ്ടുവരും! സുന്ദരനായ ക്രൈസ്റ്റോ എന്ന് ഉടനെ നമ്മള്‍! അപ്പോള്‍ത്തന്നെ ഒരു മരക്കുരിശു കൊണ്ട് വരും. എന്നിട്ട് അവര്‍ ആളെ അതില്‍ ആണിയടിച്ചു കിടത്തും! അതോടെ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും എന്ന അവസ്ഥയില്‍ നമ്മള്‍ എത്തിച്ചേരും!

എന്നാലും വിടില്ല. ടാഗോറിനെ, ജിബ്രാനെ, നെരൂദയെ, കാളിദാസനെ, കീറ്റ്‌സിനെ, മാധവിക്കുട്ടിയെ ഒക്കെ കൊണ്ട് വരും. മാവോ പ്രണയകവിതകള്‍ എഴുതിയിരുന്നു എന്നും ഹുസൈന്‍ക്ക അന്തസ്സായി അത് ടൈപ്പ് ചെയ്ത് ട്യൂണ്‍ ചെയ്യാന്‍ വേണ്ടി ഒരു കവറില്‍ ഇട്ടു തന്നിരുന്നു എന്നുവരെ പറയും. സംഗതി സത്യവുമാണ്. പക്ഷെ ഒരു മഹാനും ഒരു മഹതിയും തങ്ങളുടെ പേരില്‍ ഒരു പ്രണയദിനത്തിനായ് നിന്ന് തന്നിട്ടില്ല എന്നതാണ് അതിലും വലിയ സത്യം! അങ്ങനെയൊരു ഒസ്യത്ത് എവിടെയും ഇല്ല!

ഹവ്വ, ആദം, പഴം, ലിലിത്ത്, സലോമോന്‍, ഈസോപ്പ് തുടങ്ങിയ ഏരിയകളൊക്കെ കംപ്ലീറ്റ് കവര്‍ ചെയ്തിട്ടാണ് നമ്മള്‍ നില്‍ക്കുന്നത്! പറഞ്ഞിട്ടെന്ത്? ആരുടെയെങ്കിലും പേരില്‍ അങ്ങനെ ഒരു ദിനം വീണു കിട്ടണ്ടേ? ”ഇന്നാ പിടിച്ചോ, ഓഷോ ദിനം… പ്രണയ ദിനം” എന്നും പറഞ്ഞെങ്കിലും ഒരാള്‍ വരണ്ടേ? അതുമില്ല. ഓരോ നിമിഷവും പ്രണയം… ജീവിതകാലം മുഴുവന്‍ പ്രണയം… കേവലം ഒരു ദിനം മാത്രമല്ല… എന്നൊക്കെ എല്ലാവരും പറയുമ്പോള്‍ പറയും! പറഞ്ഞവര്‍ തന്നെ, ഏപ്രില്‍ 14-നു വിഷു ആണെന്നും പറഞ്ഞു കുടുംബത്തോടെ പടക്കം പൊട്ടിക്കും! അപ്പോള്‍ ദിനങ്ങളൊക്കെ എല്ലാവര്‍ക്കും ഉണ്ട്! കലണ്ടര്‍ മനോരമ തന്നെ! പക്ഷെ പ്രണയത്തെ പേടിയാണ്! അതുകൊണ്ട് പാവം വാലന്റൈന്റെ പേരില്‍ അല്ലാതെ മറ്റൊരാളിന്റെ പേരിലും ഒരു വസ്തുവിന്റെ പേരിലും ”പ്രണയദിനം” എന്ന് എവിടെയും കാണില്ല! അപ്പോള്‍ അതൊന്ന് ആഘോഷിക്കേണ്ടത് തന്നെയല്ലേ? തീര്‍ച്ചയായിട്ടും അതെ!

പക്ഷെ ഒറ്റ സംശയമുള്ളത്, നമ്മള്‍ വാസ്തവത്തില്‍ പ്രേമിക്കുകയാണോ എന്ന കാര്യത്തില്‍ മാത്രമാണ്. പെണ്ണ്-ആണ് ബന്ധം പരസ്പരം പ്രേമിക്കത്തക്ക വിധം സമതുലിതം ആണോ? ഒരു കൂട്ടര്‍ പേടിച്ചരണ്ട് ഇപ്പോഴും സ്വസ്ഥതയോ പ്രൈമറി സ്വാതന്ത്ര്യമെങ്കിലുമോ കൈവരിക്കാനാവാതെ സ്ട്രഗിള്‍ ചെയ്യുന്നേരം പ്രേമം എന്ന വാക്ക് പോലും ആരുണ്ടാക്കിയതാണ് എന്ന ഒരു പ്രശ്‌നം വരുന്നുണ്ട്! ”കാമുകീ കാമുകന്മാര്‍ ഉണ്ടാകും മുന്‍പേ പ്രണയം ഇവിടെ ഉണ്ടായിരുന്നു” എന്നൊക്കെ പറയുമ്പോള്‍ കേള്‍ക്കാന്‍ നല്ല സുഖമുണ്ട് എന്നത് ശരിയാണെങ്കിലും .

ചിലരെ സംബന്ധിച്ച് ചായ, ബുക്ക്, സിനിമ, നാടകം, സംഗീതം, ഭക്ഷണം, മധുരഭാഷണം, ചുംബനം മുതല്‍ ഏറിയാല്‍ വിസ്‌കിയോടൊപ്പം തന്റെ ഇണക്ക് ഒരു പുക. അതിലും കവിഞ്ഞാല്‍ ഒന്നിച്ചൊരു ചെറു സംഗം. അതും, തൊട്ടുപില്‍ക്കാലത്തേക്ക് തമ്മില്‍ത്തല്ലിനും കൂരമ്പ് മെസ്സേജുകള്‍ക്കുമുള്ള ഒരു വക എന്ന പരുവത്തില്‍! മറ്റു ചിലരെ സംബന്ധിച്ചാവട്ടെ ”ഈ തണലില്‍, ഇത്തിരി നേരം” എന്ന മട്ടില്‍ അതൊക്കെയും സുരക്ഷിതമായി ഇങ്ങോട്ട് വാങ്ങി വെക്കുവാനും ചിലപ്പോള്‍ സാമ്പത്തിക അധികാരസ്ഥിതി അനുസരിച്ച്, എല്ലാം അങ്ങോട്ട് തിരിച്ചു ചെയ്യുവാനും ഉള്ള ഒരു സ്ഥലം, ഒരു സന്ദര്‍ഭം, ഒരു കൂട്ട്!

ഇതില്‍ക്കവിഞ്ഞ് ആ ഏരിയയെ പരീക്ഷണാടിസ്ഥാനത്തിലെങ്കിലും മറ്റേതെങ്കിലും ഭ്രമാത്മക ലോകത്തിലേക്കോ ‘അഭൗമമായ’ വേറെ ഏതെങ്കിലും തലത്തിലേക്കോ വികസിപ്പിച്ചവരുണ്ടോ ഇവിടെ? വേണ്ട. ഭൗതികമായിട്ട് തന്നെ വല്ലതും നടക്കുന്നുണ്ടോ? ‘വിക്കിപ്പീടിക’യില്‍ പൊയി നോക്കിയപ്പോള്‍ അലമാര നിറയേ എന്തൊക്കെ സാധനങ്ങളാണ് അടുക്കി അടുക്കി വെച്ചിരിക്കുന്നത്! \

 

AFFECTION, JOY, LUST, HAPPINESS, PASSION, TRUST, WONDER, HOP, SATISFACTION, SELF CONFIDENCE, SHYNESS, SURPRISE എന്നിങ്ങനെ നൂറു കൂട്ടം കാര്യങ്ങള്‍. പക്ഷേ, അസൂയ, ദേഷ്യം, പരദൂഷണം എന്നിങ്ങനെ രണ്ടോ മൂന്നോ ‘സംഗതികള്‍’ മാത്രമേ നമ്മള്‍ നിത്യജീവിതത്തില്‍ ആകെ ഉപയോഗിക്കുന്നുള്ളൂ. ശരിയല്ലേ?

ഏറ്റവും വലിയ ബുദ്ധിജീവികള്‍ വരെ അത്ഭുത അറകള്‍ നിറഞ്ഞ മസ്തിഷ്‌കത്തിന്റെ പത്തില്‍ ഒന്ന് സാധ്യത പോലും ഉപയോഗിക്കുന്നില്ല എന്നിരിക്കെ പ്രേമം എന്നൊക്കെ ഇപ്പോള്‍ നമ്മള്‍ കാട്ടിക്കൂട്ടുന്ന എല്ലാ വകകളും അതിലേക്കുള്ള ഒരു പ്രവേശനകവാടമെങ്കിലും ആയിട്ടുണ്ടോ എന്ന് ഈ വാലന്റയിന്‍ ദിനത്തിലെങ്കിലും നമ്മള്‍ കാര്യമായി ആലോചിക്കേണ്ടതാണ്!

അങ്ങനെയിരിക്കെ സ്പാനിഷ് ഗായികയായ കൊഞ്ച ബുയ്ക്കയെ നമുക്ക് ഒരു വട്ടം കൂടി കേള്‍ക്കാം. ഒരിക്കല്‍ അവരെ നമ്മുടെ ‘കൊച്ചു കേരളത്തിലേക്ക്’ ആരെങ്കിലും ഒന്ന് ക്ഷണിച്ചിരുന്നെങ്കില്‍! ഒരു വാലന്റയിന്‍ ദിനത്തിലെങ്കിലും! നന്ദി .

എല്ലാവരോടും സ്‌നേഹം .

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഷഹബാസ് അമന്‍

ഷഹബാസ് അമന്‍

പ്രശസ്ത ഗസല്‍ ഗായകന്‍, സംഗീത സംവിധായകന്‍. ജീവിതത്തെ തത്ത്വചിന്താപരമായി അന്വേഷിക്കുന്ന നിരവധി ആല്‍ബങ്ങള്‍ തയ്യാറാക്കിയിട്ടുള്ള ഷഹബാസ് ഓം അള്ള എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. മലപ്പുറത്ത് ജനനം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍